ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് രാവിലെ 11:50നാണ് വിക്ഷേപണം. 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയന്റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി – സി 57 കുതിച്ചുവരാൻ തയ്യാറായിക്കഴിഞ്ഞു. വിക്ഷേപണത്തിനു മുന്നോടിയായി ഉള്ള പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കി, ഇന്ന് രാവിലെ 11:50ന് കൗണ്ട് ഡൗൺ ആരംഭിച്ചു. 800 കിലോമീറ്റർ അകലെയുള്ള ഭൂഭ്രമണ പാതയിൽ പേടകത്തെ എത്തിക്കുകയാണ് പി.എസ്.എൽ.വി റോക്കറ്റിന്റെ ലക്ഷ്യം.
ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിപ്പിച്ച് നാല് തവണ ഭൂമിയെ വലം ചെയ്യും, അഞ്ചാം തവണ ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് പേടകം നീങ്ങും. 125 ദിവസം നീളുന്ന ഘട്ടം പിന്നിട്ട ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിന്റിൽ, പേടകത്തെ എത്തിക്കും.
സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിന്റെ ഫലങ്ങൾ, സൂര്യന്റെ ഉപരിതലഘടന പഠനം തുടങ്ങിയ നിർണായക പഠനങ്ങളാണ് ദൗത്യത്തിന്റെ ലക്ഷ്യം. തദ്ദേശീയമായി വികസിപ്പിച്ച ഏഴു പേലോഡുകളാണ് സൂര്യനെ കുറിച്ച് പഠിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറാക്കിയത്. അഞ്ചുവർഷവും രണ്ടുമാസവുമാണ് ആദിത്യ എൽ വൺ ദൗത്യത്തിന്റെ കാലാവധി.