കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും കുടുംബത്തേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ശശി തരൂർ എംപി. പുതുപ്പളളിയിൽ രാഷ്ട്രീയമാണ് പറയേണ്ടത്. സിപിഐഎം നേതാക്കൾ ചെയ്യുന്നത് ശരിയല്ല. സർക്കാർ ചെയ്യാത്ത കാര്യം പറഞ്ഞാണ് അവർ വോട്ടു പിടിക്കുന്നതെന്നും ശശി തരൂർ വിമർശിച്ചു. 53 വർഷക്കാലം വികസനം കൊണ്ടുവന്നയാളാണ് ഉമ്മൻചാണ്ടി. കഴിവുള്ള ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മനെന്നും ശശി തരൂർ പറഞ്ഞു.
പ്രതിപക്ഷം നിലനിൽക്കുന്നത് ഭാവിക്കുവേണ്ടിയാണ്. ഭാവി വികസനം ആഗ്രഹിക്കുന്നവർ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ തലത്തിൽ ഇൻഡ്യ മുന്നണി തുടരണം. ബിജെപിയിൽ തന്നെ അസന്തുഷ്ടരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പളളിയിലെ പരസ്യപ്രചരണം അവസാന ലാപ്പിലേക്ക് കടക്കുകയാണ്. നാളെ കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിക്കും. വികസനവും സൈബർ ആക്രമണവുമാണ് പുതുപ്പള്ളിയിൽ ചര്‍ച്ചയാകുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയുണ്ടായ സൈബർ ആക്രമണത്തിന് ശേഷം ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരെയും അത്തരത്തില്‍ ആക്രമണമുണ്ടായി. വികസന ചർച്ചയിൽ ഇരുമുന്നണികളും വാക്പോര് തുടരുകയാണ്.
മുൻ മുഖ്യമന്ത്രിയും പുതുപ്പളളി എംഎൽഎയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പിനെ ഇരു മുന്നണികളും അഭിമാന പോരാട്ടമായാണ് കാണുന്നത്. പുതുപ്പള്ളി മണ്ഡലത്തിൽ കാര്യമായൊരു വികസനവും കൊണ്ടുവരാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ഇടതുമുന്നണി. വികസന ചർച്ചകൾ ജെയ്ക് സി തോമസിന് അനൂകുലമാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്.