ആയുധധാരികളായ ആളുകൾക്ക് ഭക്ഷണം വിളമ്പേണ്ടതില്ലെന്ന തീരുമാനവുമായി കാലിഫോണിയയിലെ പ്രാദേശിക അറബ് സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്‍റും ബേക്കറി ശൃംഖലയും. റീംസ് കാലിഫോർണിയ റസ്റ്റോറന്‍റ് ശൃംഖലയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. പോലീസിന് ഭക്ഷണം അനുവദിച്ചിട്ടില്ലെന്ന് കുറിച്ച് കൊണ്ട് സാൻ ഫ്രാൻസിസ്കോ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനാണ് ട്വിറ്ററിലൂടെ ഈ വാർത്ത പുറത്തുവിട്ടത്. ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടതോടെ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ റസ്റ്റോറന്റിന്‍റെ ഈ തീരുമാനത്തിനെതിരെ ഉയരുന്നത്.
റീംസ്ന്‍റെ ഈ നയം സ്ഥിരീകരിക്കുന്ന റെസ്റ്റോറന്‍റ് എക്സിക്യൂട്ടീവുമായുള്ള ഇമെയിൽ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും പോലീസ് അസോസിയേഷന്‍റെ സാമൂഹിക മാധ്യമ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയുധം കൈവശമുള്ള അല്ലെങ്കിൽ യൂണിഫോമിലുള്ളവരെ സേവിക്കില്ലെന്ന നിലപാട് സ്ഥിരീകരിക്കുന്നതാണ് ഇ-മെയിൽ സന്ദേശങ്ങളെല്ലാം. ഇതിനോടൊപ്പം തന്നെ യൂണിഫോമിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് റസ്റ്റോറന്‍റ്, ഭക്ഷണം നിഷേധിച്ചുവെന്നും അസോസിയേഷൻ ആരോപിച്ചു.
പോലീസ് ഉദ്യോഗസ്ഥർക്ക് റസ്റ്റോറന്‍റ് ഭക്ഷണം നിഷേധിക്കുന്നതിൽ തങ്ങൾക്ക് പരാതിയില്ലെന്നും എന്നാൽ ഇത്തരത്തിൽ വിവേചനപരമായ ഒരു നടപടി എന്തുകൊണ്ടാണ് റസ്റ്റോറന്‍റിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് റസ്റ്റോറന്‍റ് അധികൃതർ വിശദീകരിക്കണമെന്നാണ് പോലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു ആശയക്കുഴപ്പം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് തങ്ങൾക്ക് അറിയില്ലെന്നും ആയുധധാരികൾ എന്നത് കൊണ്ട് തങ്ങൾ ഉദ്ദേശിച്ചത് പോലീസുകാരെയോ സൈനികരെയോ അല്ലെന്നും മറിച്ച് കലാപകാരികളായ ആളുകളെയാണെന്നും റസ്റ്റോറന്‍റ് അധികൃതർ വിശദീകരിച്ചു. റസ്റ്റോറന്‍റിനുള്ളിൽ അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് അത്തരത്തിൽ ഒരു നടപടി സ്വീകരിച്ചതെന്നും അവർ കൂട്ടിച്ചേര്‍ത്തു. ഷെഫ് റീം അസിൽ ആണ് റീംസ് കാലിഫോർണിയ സ്ഥാപിച്ചത്, മറ്റ് രണ്ട് റസ്റ്റോറന്‍റുകൾ കൂടി റീംസ് ശൃംഖലയിൽ ഉണ്ട്. ഒന്ന് സാൻ ഫ്രാൻസിസ്കോയിലും മറ്റൊന്ന് ഓക്ക്‌ലൻഡിലുമാണ്.