പുതുപ്പള്ളി: പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പുതുപ്പള്ളിെ തിരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പാർട്ടിക്ക് അകത്തുള്ള പ്രശനങ്ങൾ പാർട്ടിക്കുള്ളിൽ പറയും. കോൺഗ്രസിന് അവമതിപ്പ് ഉണ്ടാകുന്ന ഒന്നും ഉണ്ടാവില്ല. ഇപ്പോൾ പുതുപ്പള്ളി മാത്രമാണ് വിഷയമെന്നും കെ മുരളീധരൻ പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ 25000ത്തിന് മുകളിൽ ഭൂരിപക്ഷം നേടും. പ്രചാരണത്തിൽ ഊന്നൽ നൽകിയത് 2016ലേതിലും കൂടുതൽ ഭൂരിപക്ഷം നേടുന്നതിനാണ്. ഉമ്മൻചാണ്ടിയെ വേട്ടയാടിയതിൻ്റെ ചാർജ്ജ് ഷീറ്റാകും പുതുപ്പള്ളിയിൽ ജനങ്ങൾ നൽകുക. അച്ചു ഉമ്മന് എതിരായ സൈബർ ആക്രമണം നടത്തിയ ആളെ രക്ഷപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്. കേസ് വസ്തുനിഷ്ഠമായി അന്വേഷിക്കണം. ആർക്കെതിരെയും സൈബർ ആക്രമണം പാടില്ല.
കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കങ്ങളിലും കെ മുരളീധരൻ പ്രതികരിച്ചു. കേരളത്തിന് കേന്ദ്രം പണം തരുന്നില്ല എന്നത് യാഥാർത്ഥ്യമാണെന്ന് മുരളീധരൻ പറഞ്ഞു. കേന്ദ്രത്തെ കോൺഗ്രസ് പിന്തുണക്കുന്നില്ല. കേരളത്തിന് കിട്ടുന്ന കേന്ദ്ര സഹായം പോലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാങ്ങൾക്ക് കിട്ടുന്നില്ല. അവിടെ ധൂർത്ത് ഇല്ലാത്തത് കൊണ്ടാണ് പ്രശ്നമില്ലാത്തത്. ബിജെപി ഇതര ഭരണമുളള സംസ്ഥാനങ്ങൾക്ക് കേന്ദ്രം പണം നൽകുന്നില്ല. കേരളം അനാവശ്യ ധൂർത്ത് ഒഴിവാക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.