കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ പോകുന്നു. ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണം ആറുമണിയോടെ സമാപിക്കും. ഇന്ന് പരസ്യപ്രചാരണം അവസാനിക്കുന്ന പുതുപ്പള്ളിയിൽ സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.
പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്ന റോഡ‍് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ ആവേശം തീർക്കുകയാണ്. കൊട്ടിക്കലാശത്തിന്‍റെ അവസാന നിമിഷത്തിൽ പുതുപ്പള്ളി കടക്കുമ്പോൾ പ്രവർത്തകരുടെ ആവേശവും അലയടിച്ചുയരുകയാണ്.
കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവർത്തകർ നിറഞ്ഞു കഴിഞ്ഞു. കൊട്ടിക്കലാശത്തിന്‍റെ അവസാന നിമിഷത്തിലേക്ക് കടന്ന പുതുപ്പള്ളിയിൽ ചർച്ചയാകുന്നത് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമർശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ്.
ആരോപണ, പ്രത്യാരോപണങ്ങൾക്കിടയിലും യു.ഡി.എഫും എൽ.ഡി.എഫും ആത്മവിശ്വാസം കൈവിടുന്നില്ല. ഇത്തവണ മണ്ഡലം എൽ.ഡി.എഫ് പിടിച്ചെടുക്കുമെന്ന് പറയുമ്പോൾ, മറുപക്ഷത്ത് കേരള നിയമസഭയുടെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്.