മനാമ: ബഹ്‌റൈനിലെ വിദ്യാലയങ്ങൾ വേനലവധി കഴിഞ്ഞ് വീണ്ടും തുറന്നു. രാവിലെ ആറ് മുതൽ തന്നെ വിദ്യാർഥികളെ യാത്രയയക്കാൻ രക്ഷിതാക്കൾ ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളിൽ എത്തി. അതേസമയം, വേനൽക്കാലത്തെ കത്തുന്ന ചൂടിന് ചെറിയ ശമനം ഉണ്ടായത് വിദ്യാർഥികൾക്ക് വലിയ അനുഗ്രഹമായി.
ഇന്ന് രാവിലെ മുതൽ ബഹ്‌റൈനിൽ പൊതുവെ നല്ല കാലാവസ്‌ഥയായിരുന്നു. ഇത്തവണ ശൈത്യം കുറച്ച് നേരത്തെ എത്തുമെന്ന് കാലാവസ്‌ഥാ വിദഗ്ദ്ധരും അറിയിച്ചിരുന്നു. സ്‌കൂൾ ബസുകളും സ്‌കൂളുകൾക്ക് വേണ്ടി ഓടുന്ന സ്വകാര്യ ബസുകളും ശീതീകരണ സംവിധാനങ്ങൾ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പു വരുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കാൻ സ്വകാര്യ സ്കൂൾ വാഹനങ്ങൾക്കും സ്‌കൂൾ അധികൃതരും നിർദ്ദേശം നൽകിയിരുന്നു.
സ്‌കൂളിൽ വാഹനം എത്തിക്കഴിഞ്ഞാൽ എല്ലാ വിദ്യാർഥികളും ഇറങ്ങിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്താൻ പരിശോധന നടത്തും. തിരിച്ച് ഉച്ചയ്ക്ക് മടങ്ങുമ്പോഴും ഉത്തരവാദപ്പെട്ട അധ്യാപകരോ അല്ലെങ്കിൽ കെയർ ടേക്കർമാരോ അവസാന വിദ്യാർഥിയും ഇറങ്ങുന്നത് വരെ ബസുകളിൽ ഉണ്ടാകണമെന്നാണ് നിയമം. വിദ്യാർഥികൾ ബസിൽ ഉണ്ട് എന്നുള്ള കാര്യം പിറകിൽ പ്രദർശിപ്പിക്കുകയും എല്ലാ വിദ്യാർഥികളും ഇറങ്ങിയ ശേഷം ആ ബോർഡ് മാറ്റുകയും വേണം