ഡൽഹി: രാഹുൽ ഗാന്ധിക്ക് ഡിഎംകെയുമായുള്ള ബന്ധം കോൺഗ്രസ് ഒരു ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന് വ്യക്തമാക്കുന്നതാണെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ദ ബിശ്വ ശർമ്മ. ഡിഎംകെയുമായുള്ള ബന്ധം രാഹുൽ എത്രയും വേഗം അവസാനിപ്പിക്കണം. അല്ലെങ്കിൽ കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന് കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് അസം മുഖ്യമന്ത്രിയുടെ പരാമർശം.
ഇത് രാഹുൽ ഗാന്ധിക്കുള്ള ഒരു പരീക്ഷയാണ്. സനാതനധർമ്മത്തെ ബഹുമാനിക്കുന്നുണ്ടോ ഇല്ലയോ എന്ന് അദ്ദേഹം തീരുമാനമെടുക്കണം. ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിൽ, കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന് ഉറപ്പാകും. മാധ്യമങ്ങളോട് ഹിമന്ദ ബിശ്വ പറഞ്ഞു.
‘ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. അതുപോലെ സനാതന ധര്‍മ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്’ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മ്മം എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇത് സമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉദയനിധിക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി.
ഉദയനിധിയുടെ പ്രസ്താവന രാജ്യത്തിന്റെ പാരമ്പര്യത്തിനെതിരായ ആക്രമണമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമർശിച്ചത്. ഇൻഡ്യ സഖ്യം ഹിന്ദുത്വത്തിനെതിരെയാണെന്ന് വ്യക്തമാക്കുന്നതാണ് ഉദയനിധിയുടെ പരാമർശമെന്നും അമിത് ഷാ ആരോപിച്ചു. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രസ്താവനയില്‍ കേസെടുക്കണമെന്നാണ് ആവശ്യം