മുംബൈ ∙ ക്രിക്കറ്റ് താരം ജസ്പ്രിത് ബുമ്രയ്ക്കും ഭാര്യ സഞ്ജന ഗണേശനും ആൺകുഞ്ഞു പിറന്നു. ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനൊപ്പം ശ്രീലങ്കയിലായിരുന്ന ബുമ്ര ഞായറാഴ്ചയാണ് മുംബൈയിലേക്ക് മടങ്ങിയത്. കുട്ടി ജനിച്ച കാര്യം ബുമ്ര തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഇന്നു രാവിലെ ജനിച്ച കുട്ടിക്ക് അംഗദ് എന്ന് പേരിട്ടതായും ബ്രുമ്ര ഇൻസ്റ്റഗ്രാമിലെ കുറിപ്പിലൂടെ അറിയിച്ചു.
ഒരു വർഷത്തോളം പരുക്കേറ്റ് ടീമിനു പുറത്തായിരുന്ന ബുമ്ര കഴിഞ്ഞ മാസം അയലൻഡിനെതിരായ പരമ്പരയിലൂടെയാണ് തിരികെയെത്തിയത്. ലോകകപ്പിനു മുന്നോടിയായുള്ള പ്രധാന ടൂർണമെന്റായ ഏഷ്യാ കപ്പിൽ താരം കളിച്ചുവരികയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും മഴ വന്നതോടെ ഇന്ത്യയ്ക്ക് ബോൾ ചെയ്യാനായില്ല. നേപ്പാളിനെതിരെ ഇന്നത്തെ മത്സരത്തിൽ ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തി. സൂപ്പർ ഫോർ മത്സരങ്ങൾ കളിക്കാൻ താരം തിരിച്ചെത്തുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി.