ദുബായ് ∙ ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ യുഎഇയുടെ സുൽത്താൻ അൽ നെയാദി ഹൂസ്റ്റണിൽ രണ്ടാഴ്ച ചെലവഴിച്ച ശേഷമേ യുഎഇയിലേക്ക് വരികയുള്ളൂ. തിങ്കളാഴ്ച നാസ നടത്തിയ ടെലി കോൺഫറൻസിൽ യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാം മിഷൻ മാനേജർ സ്‌പേസ് ഓപറേഷൻസ് ആൻഡ് എക്സ്പ്ലോറേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അദ്നാൻ അൽറൈസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫ്ലോറിഡയിലെ ജാക്സൺവില്ല തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ സുൽത്താൻ അൽ നെയാദിയും സംഘവും ഇന്ന് രാവിലെ യുഎഇ സമയം 8.17ന് വന്നിറങ്ങി. ബഹിരാകാശനിലയത്തിൽ നിന്ന് പുറപ്പെട്ട് പതിനേഴ് മണിക്കൂറുകൾക്ക് ശേഷമാണ് നാലംഗ സംഘം നിലംതൊട്ടത്. നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് വൈകിയായിരുന്നു ഇത്. അൽ നെയാദി ഏകദേശം 14 ദിവസം ഹൂസ്റ്റണിൽ ചെലവഴിക്കുമെന്നും. അതിനുശേഷം അദ്ദേഹം ഒരാഴ്ചത്തേക്ക് യുഎഇയിൽ തിരിച്ചെത്തുമെന്നും ഭൂമിയിലേക്കുള്ള വിജയകരമായ തിരിച്ചുവരവിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്നാൻ അൽറൈസ് പറഞ്ഞു. തുടർന്ന്, കൂടുതൽ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്താൻ അദ്ദേഹം വീണ്ടും ഹൂസ്റ്റണിലെത്തും.
അൽ നെയാദിയുടെ ബഹിരാകാശ യാത്ര യുഎഇയ്ക്ക് അഭിമാനമായി മാറിയപ്പോൾ ‘ഹീറോ’യുടെ തിരിച്ചുവരവ് ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാജ്യം മുഴുവൻ അദ്ദേഹത്തെ സ്വീകരിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അർഹമായ ബഹുമതിയോടെ അദ്ദേഹത്തെ സ്വീകരിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശയാത്രികൻ ഹസ്സ അൽമൻസൂരിക്ക് നൽകിയ പോലുള്ള സ്വീകരണത്തിൽ ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ, അദ്ദേഹത്തിന്റെ വിജയകരമായ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതിനുള്ള ഒട്ടേറെ പരിപാടികൾ എന്നിവ ഉൾപ്പെടും. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ അൽ ഐൻ നഗരത്തിൽ വൻ വരവേൽപാണ് നൽകുക.
അൽഖൂസ് ദിവാലെ സ്കൂളിലെ വിദ്യാർഥികൾ സുൽത്താൻ അൽ നെയാദിയുടെ തിരിച്ചുവരവ് തത്സമയം കാണുന്നു.Credit: Dewvale School Al Quoz@fb
വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങളിൽ സഹകരിക്കാനുള്ള യുഎഇയുടെ ആഗ്രഹം അൽ റൈസ് പ്രകടിപ്പിച്ചു. ക്രൂ എക്‌സ് മിഷന്റെ വിജയകരമായ തിരിച്ചുവരവിന് നാസയെയും സ്‌പേസ് എക്‌സിനെയും അഭിനന്ദിച്ച അദ്ദേഹം ഈ ദൗത്യം യുഎഇയുടെ ബഹിരാകാശ പരിപാടിയുടെ സുപ്രധാന നാഴികക്കല്ലാണെന്ന് വ്യക്തമാക്കി. അൽ നെയാദിയുടെ മടക്കയാത്ര നാസയുടെ യൂട്യൂബിലൂടെ സ്കൂൾ വിദ്യാർഥികളും മറ്റും തത്സമയം കണ്ടു.
ചെലവഴിച്ചത് 4400 മണിക്കൂറിലേറെ; ഒട്ടേറെ ശാസ്ത്ര പരീക്ഷണങ്ങൾ
ആറുമാസം നീണ്ട ബഹിരാകാശദൗത്യത്തിന് ശേഷമാണ് ക്രൂ സിക്സ് സംഘം ഭൂമിയിൽ തിരിച്ചെത്തിയത്. 4400 മണിക്കൂറിലേറെ ബഹിരാകാശത്ത് ചെലവഴിച്ചു. ഇരുനൂറിലേറെ പരീക്ഷണങ്ങൾ നടത്തി. ഇതിനിടെ ബഹിരാകാശത്ത് നടന്ന് ചരിത്രത്തിന്റെ ഭാഗം കൂടിയായി സുൽത്താൻ അൽ നെയാദി. എഴ് മണിക്കൂറാണ് ബഹിരാകാശനിലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായ് സ്പേസ് വോക്ക് നടത്തിയത്. ഇത്തരത്തിൽ സ്പേസ് വോക്ക് നടത്തുന്ന ആദ്യ അറബ് പൗരനാണ് അദ്ദേഹം. ഒപ്പം ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച എമറാത്തിയും.
ഭരണാധികാരികളുടെ അഭിനന്ദനം
ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ നെയാദിയെയും സംഘത്തെയും യുഎഇ ഭരണാധികാരികൾ അഭിനന്ദിച്ചു. ചരിത്രപരമായ നേട്ടമാണ് കൈവരിച്ചതെന്നും ശാസ്ത്രത്തിനും മാനവികതയ്ക്കും വലിയ സംഭാവനയാണ് ചെയ്തതെന്നും യുഎഇ പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു. ടെക്സസലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം നെയാദിയും സംഘവും മെഡിക്കൽ പരിശോധനകൾക്കായി തിരിക്കും. ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ ഫിസിയോതെറാപ്പിയുൾപ്പെടെയുള്ള വിവിധ ചികിൽസയിലൂടെ സംഘം കടന്നുപോകും. അതിനുശേഷം യുഎഇയിൽ വൻ വരവേൽപ്പാണ് നെയാദിയെ കാത്തിരിക്കുന്നത്. യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം ബഹിരാകാശനിലയത്തിലെ പരീക്ഷണങ്ങളുടെ തുടർച്ചയ്ക്കായി നെയാദി നാസയിലേക്ക് മടങ്ങും.