റോം: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാനമേലധ്യക്ഷൻ പരിശുദ്ധ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദീയൻ ബാവ 2023 സെപ്റ്റംബർ മാസത്തിൽ വത്തിക്കാൻ സന്ദർശനം നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ അതിഥി ആയാണ് പരിശുദ്ധ ബാവ വത്തിക്കാനിൽ എത്തുന്നത്. ഇരു സഭാ തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയും സഭാ സൗഹൃദ ചർച്ചകളും സന്ദർശനത്തിൽ നടക്കും. റഷ്യൻ സന്ദർശന ശേഷം സെപ്റ്റംബർ 9 ന് ഉച്ചയ്ക്ക് 1. 30 ന് റോമിലെ വിമാനത്താവളത്തിൽ എത്തും. അന്ന് വൈകുന്നേരം 6 മണിക്ക് ബാവ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ പത്രോസ് സ്ലീഹയുടെ കബറിടം സന്ദർശിച്ചു പ്രാർഥന നടത്തും.
സെപ്റ്റംബർ 10 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് റോമിലെ സെന്റ് പോൾസ് ബസലിക്കയിൽ ( വിശുദ്ധ പൗലോസ് സ്ലീഹയുടെ കബറിടം സ്ഥിതിചെയ്യുന്ന പള്ളി ) പരിശുദ്ധ ബാവ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് റോമിലെ മലങ്കര ഓർത്തഡോക്സ് സഭാവിശ്വാസികളുമായുള്ള കൂടിക്കാഴ്ചയും നടക്കും.
വൈകുന്നേരം 6 മണിക്ക് അർമീനിയൻ ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിലുള്ള എക്യുമിനിക്കൽ മീറ്റിങ്ങിൽ ബാവ പങ്കെടുക്കും. സെപ്റ്റംബർ 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പരിശുദ്ധ ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പയും പരിശുദ്ധ മാത്യൂസ് ത്രിദീയൻ കാതോലിക്കാ ബാവയും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തും. 11 മണി മുതൽ Disastery for promoting Christian Unity യുടെ പരിപാടിയും അതിന്റ ഭാഗമായി വൈകുന്നേരം 4 മണി മുതൽ സിസ്റ്റീൻ ചാപ്പൽ, വത്തിക്കാൻ മ്യൂസിയം, റോമിലെ സാന്ത മരിയ മാജിയോര ബസലിക്ക എന്നിവയും സന്ദർശിക്കും.
സെപ്റ്റംബർ 12 ചൊവ്വാഴ്ച രാവിലെ വത്തിക്കാൻ സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റു സന്ദർശനവും ഔദ്യോഗിക വിടവാങ്ങൾ ചടങ്ങുകളും നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് നാല് ദിവസത്തെ ഔദ്യോഗിക വത്തിക്കാൻ സന്ദർശനം പൂർത്തിയാക്കി പരിശുദ്ധ കാതോലിക്കാ ബാവ സ്വദേശത്തേക്ക് മടങ്ങും.
പരിശുദ്ധ ബാവയുടെ വത്തിക്കാൻ സന്ദർശനത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമേനി അറിയിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ആദ്യ മാർപാപ്പാ പരിശുദ്ധ ജോൺ പോൾ രണ്ടാമൻ ആണ്. പരിശുദ്ധ മാത്യൂസ് ത്രിദീയൻ ബാവ സെപ്റ്റംബറിൽ നടത്തുന്ന സന്ദർശനത്തോട് കൂടി ഇരു സഭകളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും.
ബാവയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ഭാഗത്തു നിന്നും യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രസന മെത്രാപ്പൊലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമേനി നേതൃത്വം നൽകുന്നു.