ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുന:സ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ച ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി. കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് ഒരു ജനപ്രതിനിധി അയോഗ്യനായാല്‍ എല്ലാ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കുന്നതിന് മുമ്പ് അയാള്‍ക്ക് എംപിയായി മടങ്ങാന്‍ കഴിയില്ലെന്നാണ് ഹര്‍ജിയിലെ വാദം.ലഖ്‌നൗ സ്വദേശിയായ അഡ്വക്കേറ്റാണ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുന്നത്.
രണ്ടുവര്‍ഷത്തെ ശിക്ഷാവിധിയെ തുടര്‍ന്ന് നഷ്ടമായ രാഹുല്‍ ഗാന്ധിയുടെ അംഗത്വം തിരിച്ചുനല്‍കാനുള്ള ലോക്‌സഭാ സ്പീക്കറുടെ തീരുമാനം ശരിയായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച് നടത്തിയ പ്രസംഗത്തിൻ്റെ പേരിലായിരുന്നു സൂറത്ത് സെഷൻസ് കോടതി നേരത്തെ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടാണെന്ന രാഹുലിന്റെ പ്രസംഗം അപകീർത്തികരമാണെന്ന് വാദിച്ച് ഗുജറാത്തിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്.സൂറത്ത് കോടതി വിധി വന്നതോടെ രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയായിരുന്നു. പിന്നാലെ രാഹുൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിക്കാൻ തയ്യാറാകാതെ ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.ജൂലൈ 15നായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കീഴ്‌ക്കോടതിയുടെ വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ അത് സ്വതന്ത്രമായി അഭിപ്രായം പറയാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി നിലപാട് പറയാനുമുള്ള അവകാശത്തെ ശ്വാസം മുട്ടിക്കുമെന്ന് ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു. സൂറത്ത് സിജെഎം കോടതിയുടെ വിധി സ്റ്റേ ചെയ്യാനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരിക്കുകയായിരുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ചത്. സൂറത്ത് സിജെഎം കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ലോക്സഭാ സെക്രട്ടറിയേറ്റ് പിൻവലിച്ചതും രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുന:സ്ഥാപിച്ചതും.