ചെന്നൈ: ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി ബിജെപി തിരിച്ചറിഞ്ഞുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. സഖ്യത്തിന് ഇന്‍ഡ്യ എന്ന് പേരിട്ടതിന് പിന്നാലെ ഇന്ത്യയെ ഭാരത് എന്നാക്കാന്‍ ആഗ്രഹിക്കുന്നു. ഇന്‍ഡ്യ എന്ന ഒറ്റ പദം ബിജെപിയെ തളര്‍ത്തുന്നു. തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ ബിജെപിയെ അധികാരത്തില്‍ നിന്ന് തുരത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രം ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാനാണ് തീരുമാനം. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ‘ഇന്ത്യ’ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശനമുന്നയിച്ചിരുന്നു. ‘ഇന്‍ഡ്യ’ മുന്നണിയെ നരേന്ദ്രമോദിയും കൂട്ടരും എത്രമാത്രം ഭയപ്പെടുന്നുവെന്നതിന് ഉദാഹരണമാണ് പുതിയ നീക്കം. ആ ‘ഇന്‍ഡ്യ’യെ പേടിച്ചിട്ടാണ് ഭാരതത്തിലേക്ക് പോകുന്നത്. അവര്‍ക്ക് ഒന്നും ചെയ്യാനുമില്ല പറയാനുമില്ല. പഴയ ചരിത്രത്തെ മാറ്റി പുതിയ ചരിത്രം നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. അതില്‍ അവര്‍ പരാജയപ്പെടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.