ഓട്ടാവ: വിദേശ വിദ്യാർത്ഥി വിസയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കാനഡ. കടുത്ത ഭവന പ്രതിസന്ധിയെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 5 വർഷം കൊണ്ട് കാനഡയിൽ വിദേശ വിദ്യാർത്ഥികൾ 75 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. 2022-ൽ 8 ലക്ഷത്തിലധികമായിരുന്നു കാനഡയിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം.
ആവശ്യക്കാർ കൂടിയതോടെ കാനഡയിൽ വീടുകളുടെ വിലയും വാടകയും കൂടിയതോടെ ഭവനമേഖലയിൽ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് അധികൃതർ പറഞ്ഞു. ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദേശത്തു നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറയ്‌ക്കുന്ന കാര്യം ആലോചിക്കുന്നതായി ഹൗസിംഗ് മന്ത്രി ഷോൺ ഫ്രേസർ അറിയിച്ചു.
കാനഡയിൽ വീടു വാങ്ങുന്നതിനായി ശരാശരി 5 കോടി രൂപയിലധികം ചിലവിടണമെന്നാണ് പുറത്തു വരുന്ന കണക്കുകൾ. ജനങ്ങൾക്ക് ഭവന വായ്പ അടച്ചു തീർക്കാൻ 30 വർഷമെങ്കിലും സമയം ആവശ്യമായി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കാനാണ് കനേഡിയൻ ഭരണക്കൂടം വിദ്യാർത്ഥി വിസയിൽ നിയന്ത്രണം ഏർപ്പെടുത്താൻ രംഗത്തെത്തിയിരിക്കുന്നത്.