ഹെല്‍സിങ്കി: വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ആഭിമുഖ്യത്തില്‍ ഫിന്‍ലന്‍ഡില്‍ ഓണം ആഘോഷിച്ചു. വളരെ വിപുലമായി ആഘോഷിച്ച ഓണാഘോഷത്തില്‍ രാജ്യത്തെ മലയാളി സമൂഹത്തില്‍ നിന്നുള്ളവരും, ഇന്ത്യന്‍ ഡയസ്പോറ അംഗങ്ങളും തദ്ദേശീയരായ അതിഥികളുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
ഐക്യത്തിന്റെയും സമൃദ്ധിയുടെയും കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായ വിളവെടുപ്പുത്സവമായ ഓണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടാണ് അവതാരകരായ രഞ്ജനയും ജിപ്സണും ആരംഭിച്ച ആഘോഷത്തില്‍ ഫിന്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ രവീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഇരുട്ടിനെ അകറ്റി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഗമനത്തെ സൂചിപ്പിക്കാന്‍ പരമ്പരാഗത മയില്‍ വിളക്ക് തെളിച്ചു ഓണാഘോഷം ഔപചാരികമായി ഉത്ഘാടനം ചെയ്തു.
മാവേലിയായി വേഷമിട്ട ഡബ്ല്യുഎംഎഫ് പ്രസിഡന്റ് അജേഷ് ബാബു, മലയാളി സംസ്‌കാരം തുടരേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടി സ്വാഗത പ്രസംഗം നടത്തി. സംഘടനയുടെ ഭാരവാഹികളായ ടെറി തോമസ്, അനുരാജ് ഓള്‍നേഡിയന്‍, ഉണ്ണികൃഷ്ണന്‍ ശിവദാസന്‍ എന്നിവര്‍ സാംസ്‌കാരിക വൈവിധ്യം, ആഗോള സമൂഹങ്ങളില്‍ മലയാളി പ്രവാസികളുടെ പങ്ക്, ഡബ്ല്യുഎംഎഫിന്റെ ലക്ഷ്യങ്ങള്‍ തുടങ്ങിയ വിഷണങ്ങളിലുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെയ്ക്കുകയും ഫിന്‍ലന്‍ഡുമായി കൂടുതല്‍ സാംസ്‌കാരിക സമന്വയത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളും പങ്കുവച്ചു.
മുഖ്യാതിഥിയായി എത്തിയ അംബാസഡര്‍ ഓണത്തിന്റെ സാംസ്‌കാരിക സാമൂഹിക പ്രാധാന്യത്തെ ഇന്നത്തെ ലോകവുമായി സമാന്തരമായി വരച്ചുകാട്ടുന്നതായിരുന്നുബന്ധപ്പെടുത്തി സംസാരിച്ചു. തിരുവാതിര, ഓണം മെഡ്ലി, പുല്ലാങ്കുഴല്‍ വാദ്യം, മലയാളം ഗാനങ്ങള്‍ തുടങ്ങിയ കലാപ്രകടനങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചുനു ഹൃദ്യത സമ്മാനിച്ചു.
വാഴയിലയില്‍ വിളമ്പിയ 22 വിഭവങ്ങള്‍ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയും തുടര്‍ന്നുള്ള ഓണക്കളികളും അതിഥികള്‍ ഏറെ ആസ്വദിച്ചു. ഏകത്വവും നാനാത്വവും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ആഘോഷിക്കാന്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തിലുള്ള വ്യക്തികളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ കണ്ടത്തില്‍ ഗ്രൂപ്പ്, ബിആര്‍ ഇവന്റ്സ്, സരസ്വതി ആയുര്‍വേദ തുടങ്ങിയ കമ്പനികള്‍ ഇവന്റ് പാര്‍ട്ണര്‍മാരായി. വിജയികള്‍ക്കുള്ള സമ്മാന വിതരണത്തോടെ പരിപാടികള്‍ സമാപിച്ചു.