വിദേശ പഠനം സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ക്ക് വലിയ സാധ്യതകളുള്ള രാജ്യമാണ് ഫ്രാന്‍സ്. കഴിഞ്ഞ കുറച്ച് നാളുകളായി ഫ്രാന്‍സിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെ തങ്ങളുടെ രാജ്യത്തേക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫ്രഞ്ച് സര്‍ക്കാരും മുന്നിട്ടിറങ്ങി കൊണ്ടിരിക്കുകയാണ്. പ്രധാനമായും ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ക്കാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഇതിനായി പാഠ്യപദ്ധതിയിലും വിസ നടപടിക്രമങ്ങളിലുമടക്കം മാറ്റം കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഇതിനോടകം തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കാനാണ് ഫ്രാന്‍സിന്റെ തീരുമാനം. ഇന്ത്യയുമായുള്ള സാമ്പത്തിക കരാറിന്റെയും ഉഭയ കക്ഷി ബന്ധത്തിന്റെയും ഫലമായാണ് പുതിയ തീരുമാനത്തിന് കളമൊരുങ്ങുന്നത്. വരും നാളുകളില്‍ രാജ്യത്തേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം മുന്നില്‍ കണ്ട് പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള നടപടികള്‍ക്ക് ഫ്രാന്‍സ് വിദ്യാഭ്യാസ മന്ത്രാലയം തുടക്കം കുറിച്ച് കഴിഞ്ഞു. ഇതിന്റെ ആദ്യപടിയെന്നോണം പരമ്പാരഗത ഫ്രഞ്ച് വിദ്യാഭ്യാസ രീതിയോടൊപ്പം തന്നെ അന്താരാഷ്ട്ര പാഠ്യരീതിയെയും പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ഇന്റര്‍നാഷണല്‍ ക്ലാസസ് എന്ന പേരിലുള്ള പ്രോഗ്രാമിലൂടെ ഇംഗ്ലീഷ് ഭാഷയിലും പഠനം സാധ്യമാക്കാനാണ് തീരുമാനം.
ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രഞ്ച് വിദ്യാഭ്യാസ സമ്പ്രദായത്തോട് വളരെ പെട്ടെന്ന് ഇഴകി ചേരാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഇതിന് പുറമെ മാസ്റ്റര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും കുറഞ്ഞത് ഒരു സെമസ്റ്ററെങ്കിലും ഫ്രാന്‍സിലെ കോളജുകളില്‍ പഠിക്കുകയും ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി അഞ്ച് വര്‍ഷ ഷെങ്കന്‍ വിസക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനച്ചിട്ടുണ്ട്. ഇതിലൂടെ യൂറോപ്പിലെ 26 രാജ്യങ്ങളടക്കമുള്ള ഷെങ്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൈവന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കൂടാതെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലെ ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി Choose france tour 2023 എന്ന പേരില്‍ നാല് ഇന്ത്യന്‍ നഗരങ്ങളില്‍ ക്യാമ്പയിനും ഫ്രഞ്ച് സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.