സ്റ്റുഡന്റ് വിസയിലും തൊഴില്‍ വിസയിലും യു.എസിലേക്ക് കുടിയേറിയ ഇന്ത്യക്കാര്‍ നിരവധിയാണ്. പലരും പഠനത്തിന് ശേഷം ജോലി നോക്കി അവിടെ തന്നെ സ്ഥിര താമസമാക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ലോകത്താകമാനം കുടിയേറ്റ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നേരത്തെ തന്നെ കര്‍ശന വിസ നിയമങ്ങള്‍ക്ക് പേരുകേട്ട നാടാണ് യു.എസ്. അത്ര എളുപ്പത്തിലൊന്നും നമുക്ക് അവിടേക്ക് പ്രവേശിക്കാനാവില്ല. താമസ പെര്‍മിറ്റിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കാനാണെങ്കില്‍ അതിലും പ്രയാസം. ഇത്തരം പ്രതിസന്ധികളൊക്കെ ഉണ്ടെങ്കിലും ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇതിനോടകം യു.എസിലേക്ക് കുടിയേറിയിട്ടുള്ളത്. ടെക് മേഖലകളിലും, ആരോഗ്യ മേഖലകളിലും, ബിസിനസ് രംഗത്തും ജോലി നോക്കുന്നവര്‍ക്ക് പുറമെ അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളും അവിടെ അധിവസിക്കുന്നുണ്ട്.
ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്ക് ആശങ്കയുയര്‍ത്തി പുതിയ പ്രതിസന്ധിയുടെ വാര്‍ത്തയാണ് അമേരിക്കയില്‍ നിന്ന് പുറത്ത് വരുന്നത്. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിലെ സാങ്കേതിക കാലതാമസം കാരണം ഏകദേശം ഒരു ലക്ഷത്തിന് മുകളില്‍ ഇന്ത്യന്‍ കുട്ടികള്‍ തങ്ങളുടെ രക്ഷിതാക്കളില്‍ നിന്ന് പിരിഞ്ഞ് മാതൃരാജ്യത്തേക്ക് തിരിച്ച് പോകേണ്ടി വരുമെന്ന നടുക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പത്ത് ലക്ഷത്തിന് മുകളില്‍ ഇന്ത്യക്കാരാണ് ഇതിനോടകം അമേരിക്കയുടെ തൊഴില്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്. ഇന്ത്യയെ കൂടാതെ മറ്റ് ഓരോ വിദേശ രാജ്യങ്ങളിലും വെച്ച് ഏഴ് ശതമാനം ഗ്രീന്‍ കാര്‍ഡ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പ്രതിസന്ധി പരിഹരിച്ച് ഇവയെല്ലാം തീര്‍പ്പാക്കുന്നതിന് 135 വര്‍ഷമെടുത്തേക്കുമെന്നാണ് കരുതുന്നത്. ഗ്രീന്‍ കാര്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം, എച്ച് 4 വിസയില്‍ അമേരിക്കയിലെത്തിയ 1.34 ലക്ഷം ഇന്ത്യന്‍ കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് സെപ്പറേറ്റ് ചെയ്യുമെന്ന് കുടിയേറ്റ് പഠന വിദഗ്ദനായ ഡേവിഡ് ജെ ബയര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്താണ് കാരണം?
തൊഴില്‍ വൈദഗ്ദ്യമുള്ളവര്‍ക്ക് യു.എസിലേക്ക് കുടിയേറാന്‍ സര്‍ക്കാര്‍ അനുവദിച്ച വിസയാണ് എച്ച് 1 ബി വിസ. ഇവര്‍ക്ക് തങ്ങളോടൊപ്പം ഭാര്യയെയും മക്കളെയും യു.എസിലേക്ക് കൊണ്ടുവരാനുള്ള അനുമതിയുണ്ട്. ഇത്തരത്തില്‍ ആശ്രിതര്‍ക്ക് നല്‍കുന്ന വിസയായ എച്ച് 4 വിസയിലൂടെയാണ് പലരും യു.എസിലെത്തിയിരിക്കുന്നത്. എച്ച് 4 വിസ നിയമങ്ങള്‍ പ്രകാരം 21 വയസിന് എച്ച് 1 ബി വിസ പ്രകാരം രാജ്യത്തെത്തിയ ആശ്രിതര്‍ക്ക് യു.എസില്‍ തങ്ങാന്‍ അനുവാദമില്ല. ഇവര്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനാണ് ഇനി ബാക്കിയുള്ളത്. ഒന്നുകില്‍ ഇവര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള എഫ് 1 വിസ നേടിയെടുക്കണം. പക്ഷെ അതിലൊരു പ്രശ്‌നമുണ്ട്. ഇവര്‍ക്ക് ഈ കാലയളവില്‍ തൊഴിലെടുക്കാന്‍ അനുവാദമുണ്ടാകില്ല. മാത്രമല്ല ഓരോ വര്‍ഷവും ഒരു നിശ്ചിത ശതമാനം സ്റ്റുഡന്റ് വിസകള്‍ മാത്രമാണ് യു.എസ് ഇഷ്യൂ ചെയ്യുന്നുള്ളൂ. അതുകൊണ്ട് പലര്‍ക്കും ഇത് കിട്ടിക്കോളണമെന്നില്ല.
രണ്ടാമത്തെ ഓപ്ഷന്‍ ലീഗല്‍ നടപടികള്‍ക്ക് മുമ്പ് തന്നെ ഇവര്‍ സ്വയം യു.എസില്‍ നിന്ന് സ്വന്തം മാതൃരാജ്യത്തേക്ക് തിരികെ പോവേണ്ടി വരും. പക്ഷെ വര്‍ഷങ്ങളായി തങ്ങളുടെ മാതാപിതാക്കളോടൊപ്പം യു.എസില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ഇന്ത്യയില്‍ തിരികെയെത്തുന്നത് വലിയ പ്രയാസമുള്ള കാര്യമായാണ് കരുതുന്നത്.
എന്താണ് പരിഹാരം?
വിഷയത്തില്‍ യു.എസ് സര്‍ക്കാരിന്റെ ഇടപെടല്‍ മാത്രമേ ഇനി പരിഹാരമായി കാണാനൊക്കൂ. എച്ച് 4 വിസകളിലുള്ള പ്രായപരിധി ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ വര്‍ഷങ്ങളായുള്ള പ്രതിസന്ധിയാണ്. അധികാരത്തിലേറിയതിന് ശേഷം ബൈഡന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി പുതുക്കിയ നിയമ നടപടിക്ക് സര്‍ക്കാര്‍ തയ്യാറെടുത്തിരുന്നു. 21 വയസ് പൂര്‍ത്തിയായ ചില എച്ച് 1 വിസ ഉടമകള്‍ക്ക് അമേരിക്കയില്‍ തുടരാനും ജോലി ചെയ്യാനും അനുവദിക്കുന്ന നിയമം ബൈഡന്‍ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിയമം എപ്പോള്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതുപോലെ തന്നെ ഗ്രീന്‍ കാര്‍ഡുകള്‍ക്കുള്ള 7 ശതമാനം രാജ്യങ്ങളെന്ന പരിധി മാറ്റുമെന്നും ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു.