പുതുപ്പള്ളി: പുതുപ്പള്ളിയിലെ പുതുനായകൻ ആരെന്നറിയാനുള്ള കാത്തിരിപ്പിന് നാളെ വിരാമമാകും. കോട്ടയം ബസേലിയോസ് കോളേജിലെ കേന്ദ്രത്തിൽ നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. രാവിലെ 8.15ഓടെ തന്നെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങുമെന്നാണ് വിവരം.
20 മേശകളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരുക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് മെഷീനുകളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒന്നിൽ സർവീസ് വോട്ടുകളുമാണ് എണ്ണുക. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ പൂർത്തിയാകും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിൽ എണ്ണുന്നത്. അയർക്കുന്നം എണ്ണി കഴിയുന്നതോടെ ആദ്യഫല സൂചനകൾ പുറത്തുവന്നു തുടങ്ങും. വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിനകം ഫലം അറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നകത്.
അയർക്കുന്നത്തിന് പിന്നാലെ കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വലിയ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. അതിനിടെ പുതുപ്പളളിയില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്ന വിലയിരുത്തലുമായി സിപിഐ നേതൃത്വം രംഗത്തെത്തിയത് ചർച്ചയായിരുന്നു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. ബിജെപി വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി മറിഞ്ഞുവെന്ന സിപിഐഎം നേതൃത്വത്തിന്റെ സംശയവും സിപിഐ ശരിവെയ്ക്കുന്നില്ല.