കോട്ടയം : പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ ഇന്നറിയാം. ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു രാവിലെ 8നു കോട്ടയം ബസേലിയസ് കോളജിൽ ആരംഭിക്കും. ആദ്യ ഫലസൂചന ഒൻപതോടെ ലഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്.
യുഡിഎഫിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എൽഡിഎഫിനായി ജെയ്ക് സി.തോമസും എൻഡിഎക്കു വേണ്ടി ജി.ലിജിൻ ലാലുമാണു മത്സരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ് അടക്കം 4 സ്ഥാനാർഥികൾ കൂടി മത്സരരംഗത്തുണ്ട്. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.