പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. കേരളം മുഴുവൻ ആ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. വോട്ടെണ്ണൽ ദിവസമായ ഇന്ന് രാവിലെ പിതാവായ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വോട്ടിങ് നടക്കുന്ന കേന്ദ്രത്തിലേക്ക് എത്തിയത്. ഫലം വന്നതിന് ശേഷം മാത്രം പ്രതികരിക്കാമെന്നായിരുന്നു ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, വോട്ടെണ്ണൽ ദിവസവും പ്രതീക്ഷക്ക് ഒരു മങ്ങലേറ്റിട്ടില്ലെന്നാണ് ജെയ്ക് സി തോമസിന്റെ പ്രതികരണം. ആത്മവിശ്വാസത്തോടെ ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിക്കാർ നമ്മളോട് പറയുന്നത്. അതിന് ഒരു മങ്ങലും ഇളക്കവുമില്ല. ഇടത് ജനാധിപത്യമുന്നണിയുടെ എല്ലാ ഘടക കക്ഷികളും ഐക്യത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ജെയ്ക് പറയുന്നു.
രാവിലെ എട്ടരയോടെ ആദ്യഫല സൂചനകൾ വന്നുതുടങ്ങും. വോട്ടെണ്ണൽ നടക്കുന്ന കോട്ടയം ബസേലിയോസ് കോളജിൽ ക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ആദ്യം അയർകുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണും. ശേഷം, അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാന്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളാണ് എണ്ണുക.
20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും എണ്ണും.ഒരു മേശയിൽ സർവീസ് വോട്ടുകളും എണ്ണും. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് .