സന്യാസിശ്രേഷ്ഠരുടെ സംഗമമായി ധർമവേദി; കെ.എച്ച്.എൻ.എ കേരള കൺവെൻഷനിൽ ശ്രദ്ധേയമായി സൗഹാർദത്തിന്റെ സന്ദേശം

Global Indian Writer · November 4, 2026 · 1 min read · 0 Comments · 0 Shares

(കെ.എച്ച്.എൻ.എ കേരള ന്യൂസ് ഡെസ്ക്)

ആലപ്പുഴ: വ്യത്യസ്ത ആത്മീയ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ സന്യാസിശ്രേഷ്ഠർ ഒരേ വേദിയിൽ ഒത്തുചേർന്ന് സൗഹൃദവും പരസ്പര ബഹുമാനവും പങ്കുവച്ചത് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) കേരള കൺവെൻഷനിലെ ധർമസമ്മേളനത്തെ ശ്രദ്ധേയമാക്കി. മഹാകുംഭമേളയുമായി ബന്ധപ്പെട്ട് സന്യാസിമാർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്ന പശ്ചാത്തലത്തിൽ, ആത്മീയ നേതൃത്വങ്ങൾക്കിടയിലെ ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം പകർന്ന ഈ സംഗമം പ്രത്യേക പ്രാധാന്യം നേടി.

കൊളത്തൂർ ആശ്രമം മഠാധിപതിയും മാർഗദർശക മണ്ഡലം അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരിയും ജുന അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും ഒരേ വേദിയിൽ ഒത്തുചേർന്നത് സദസ്സിന്റെ ശ്രദ്ധയാകർഷിച്ചു. ഇരുവരും പരസ്പരം ആശയവിനിമയം നടത്തുകയും സൗഹൃദം പങ്കിടുകയും ചെയ്തതിലൂടെ വ്യത്യസ്ത ആത്മീയ പാരമ്പര്യങ്ങൾക്കിടയിൽ സംവാദവും പരസ്പര ബഹുമാനവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കപ്പെട്ടു. സനാതന ധർമത്തിന്റെ സമന്വയദർശനവും ഐക്യത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിച്ച ഈ സംഗമം ധർമസമ്മേളനത്തിലെ ശ്രദ്ധേയമായ നിമിഷമായി.

ധർമസമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി, സ്വാമി ആനന്ദവനം ഭാരതി, സ്വാമി ഗുരുദാസാനന്ദ സരസ്വതി എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

ഭൂപടത്തിലുള്ള ഭാരതത്തെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെങ്കിലും ഭാരതത്തിന്റെ സംസ്കാരത്തെയും ദർശനത്തെയും ലോകത്തിനു മുന്നിലെത്തിക്കാൻ കഴിയുമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. രാഗത്തിന്റെയും താളത്തിന്റെയും ഭാവത്തിന്റെയും സമന്വയമാണ് ഭാരതം. ഓരോ വ്യക്തിയുടെയും വളർച്ചയ്ക്കു പിന്നിൽ വലിയൊരു സമൂഹത്തിന്റെ പിന്തുണയുണ്ട്. പ്രകൃതിയിൽനിന്ന് സ്വീകരിക്കുന്നതുപോലെ പ്രകൃതിക്കും സമൂഹത്തിനും തിരികെ സംഭാവന നൽകാനുള്ള ഉത്തരവാദിത്തം ഓരോ മനുഷ്യനുമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. അമേരിക്കയിൽ ഭാരതത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളെ പരിചയപ്പെടുത്തുന്നതിലും അവയുടെ മൂല്യങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിലും കെ.എച്ച്.എൻ.എ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു.

ധർമം പ്രകൃതിയുടെ നിയമമാണെന്ന് സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. ധർമസംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളെ കേവലം സേവനമായി മാത്രം കാണാതെ, ധർമത്തോടുള്ള സമർപ്പണമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേരളത്തിൽ ഹിന്ദു സമൂഹത്തിന് ആവശ്യമായ ശ്മശാനസൗകര്യങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സ്വാമി ഗുരുദാസാനന്ദ സരസ്വതി ചൂണ്ടിക്കാട്ടി. മറ്റു മതവിഭാഗങ്ങൾക്ക് ലഭിക്കുന്നതുപോലെ ഹിന്ദുക്കൾക്കും മതിയായ ശ്മശാനസൗകര്യങ്ങൾ ലഭ്യമാകാത്ത സാഹചര്യം ദയനീയമാണെന്നും ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധയും നടപടികളും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും സനാതന ധർമദർശനവും പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ച കേരള കൺവെൻഷനിൽ, ആത്മീയ നേതൃത്വങ്ങൾക്കിടയിലെ സൗഹാർദത്തിനൊപ്പം ധാർമിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തങ്ങളും ചർച്ചയായ വേദിയായി ധർമസമ്മേളനം മാറി. വ്യത്യസ്ത ആത്മീയ പാരമ്പര്യങ്ങൾക്കിടയിലെ പരസ്പര ബഹുമാനവും സഹകരണവും സനാതന ധർമത്തിന്റെ ശക്തിയാണെന്ന സന്ദേശവും സമ്മേളനം ഉയർത്തിപ്പിടിച്ചു.

കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘടനാ ഭാരവാഹികളായ സിനു നായർ, അശോക് മേനോൻ, മന്മഥൻ നായർ, അപ്പുക്കുട്ടൻ പിള്ള, ഡോ. കലാ ഷാഹി, രവി നായർ എന്നിവരും പങ്കെടുത്തു.

Share this story

Leave a Comment

Your comment will be visible after admin approval.