കാനഡ ഇപ്പോൾ നേരിടുന്നത് എക്കാലത്തെയും ഏറ്റവും വലിയ ഭവന ക്ഷാമ പ്രതിസന്ധിയാണെന്ന് വിലയിരുത്തൽ. കാനഡയിലെ ജനസംഖ്യാ വർദ്ധനവിന് അനുപാതികമായി ഭവന ലഭ്യത ഇല്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം. വർദ്ധിച്ചുവരുന്ന കുടിയേറ്റമടക്കമുള്ള കാരണങ്ങൾകൊണ്ട് ജനസംഖ്യ വർദ്ധിക്കുന്നത് ഭവന പ്രതിസന്ധി രൂക്ഷമാക്കുമെന്ന് വാണിജ്യ ബാങ്കുകളും നയചിന്തകരും ഫെഡറൽ ഭരണകൂടത്തിന് മുന്നറിയിപ്പും നൽകി കഴിഞ്ഞു.
ജനസംഖ്യ വർദ്ധിക്കുന്നതിന്റെ അതേനിരക്കിൽ വീടുകൾ നിർമിക്കാനാവുന്നില്ല എന്നതാണ് പ്രതിസന്ധിയുടെ മൂലകാരണമെന്ന് ടൊറന്റോ മെട്രോപോളിറ്റൻ സർവകലാശാലയിലെ ഡേറ്റാ സയൻസ് പ്രൊഫസറായ മുർതാസ ഹൈദർ പറയുന്നു. കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ ജൂണിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കാനഡയിൽ ജീവിക്കുന്ന എല്ലാവർക്കും ഭവന ലഭ്യത ഉറപ്പാക്കണമെങ്കിൽ 2030 ഓടെ 22 ദശലക്ഷം ഹൗസിങ് യൂണിറ്റുകൾ വേണ്ടിവരും. നിലവിലെ ദേശീയ ഭവന പദ്ധതിയെക്കാൾ 3.5 ദശലക്ഷം അധിക യൂണിറ്റുകളാണ് വേണ്ടിവരുന്നത്.
കുടിയേറ്റത്തിൽ റെക്കോർഡ് നില തുടരുന്ന സാഹചര്യത്തിൽ കാനഡ സ്വദേശികൾക്കും ഇവിടേയ്ക്ക് എത്തുന്ന വിദേശികൾക്കും ആശങ്ക സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇത്. ജനസംഖ്യയിൽ ഉണ്ടാകുന്ന വർദ്ധനവിന് ആനുപാതികമായി വീട് ലഭ്യമാകാത്തതും വർദ്ധിക്കുന്ന ഭവന വിലയും മൂലം സ്വന്തമായി വീട് വാങ്ങുക എന്നത് പലർക്കും അപ്രാപ്യമായി കഴിഞ്ഞു. കുടിയേറ്റം മാത്രമല്ല ഇതിനുള്ള പ്രധാന കാരണം എന്ന് സർക്കാരും സാമ്പത്തിക വിദഗ്ധരും ഒരേ സ്വരത്തിൽ പറയുന്നുണ്ട്. എന്നാൽ സ്ഥിതിഗതികളിൽ സന്തുലനം ഉണ്ടാകണമെന്ന അഭിപ്രായവും എല്ലാ കോണിൽ നിന്നും ഉയരുന്നു. താങ്ങാവുന്ന വിലയിൽ വീട് ലഭ്യമാകുന്നില്ല എന്നതു തന്നെയാണ് പ്രധാന തടസ്സം.