മാഞ്ചസ്റ്റർ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിച്ച് യുകെ മലയാളികളും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് യുകെ മലയാളികൾ മാഞ്ചസ്റ്ററിൽ വിജയമാഘോഷിച്ചത്. മാഞ്ചസ്റ്ററിലെ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിച്ചത്.
കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ മാഞ്ചസ്റ്ററിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ കൊടി തോരണങ്ങളും മധുര പലഹാരങ്ങളുമായാണ് ഒത്തുകൂടിയത്. സാധാരണ യുകെയിൽ ഇതുപോലുള്ള തിരഞ്ഞെടുപ്പ് വിജയങ്ങൾ സംഘടനകൾ വലിയ ആഘോഷങ്ങളാക്കാറില്ല. എങ്കിലും ക്ഷണനേരം കൊണ്ട് ഐഒസിയുടെ നേതൃത്വത്തിൽ ഒരു പറ്റം മലയാളികൾ ഒത്തുകൂടുകയായിരുന്നു.
ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, സച്ചിൻ സണ്ണി, ഷിനാസ് ഷാജു, ഫെബിൻ സാബു, ലാൽസ് സെബാസ്റ്റ്യൻ, നിസാർ അലിയാർ, റോണിമോൻ ജോസഫ്, ആദിൽ കറുമുക്കിൽ, സെബിൻ സെബാസ്റ്റ്യൻ, സെബാൻ ബേബി, മുഹമ്മദ് റസാഖ്, ബിജോ ജോസഫ്, ജെസ്റ്റിൻ ജോസ്, സുധീഷ് കെ ജോസഫ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഐഒസി യുകെ കേരള ചാപ്റ്റർ പ്രതിനിനിധികളായി പ്രസിഡന്റ് സുജു ഡാനിയേൽ, ബോബിൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തിരുന്നു.