ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ഡൽഹിയിൽ ഇന്ന് തുടക്കം. പ്രധാന വേദിയായ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ 9.30-ഓടെ ജി20 ഉച്ച കോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ സ്വീകരിച്ചു. 10.30-ന് ഉദ്ഘാടനത്തിന് ശേഷം ‘ഒരുഭൂമി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.
റഷ്യ-യുക്രൈൻ യുദ്ധത്തെച്ചൊല്ലി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ഒരുഭാഗത്തും റഷ്യയും ചൈനയും മറുഭാഗത്തും ചേരിതിരിഞ്ഞ് നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി എന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കൻ യൂണിയനെ ജി-20 യിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉച്ചകോടി തീരുമാനമെടുക്കും.
അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കാനും ഡൽഹി പ്രഖ്യാപനമെന്ന പേരിൽ സംയുക്ത പ്രസ്താവന പുറത്തിറക്കാനുമാണ് ഇന്ത്യയുടെ ശ്രമം. സംയുക്ത പ്രഖ്യാപനം ഏറെക്കുറെ തയ്യാറാണെന്നും നേതാക്കൾ ചർച്ചചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യയുടെ ഷെർപ അമിതാഭ് കാന്ത് വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ഖ്വാത്ര, ഉച്ചകോടിയുടെ ഏകോപനം നിർവഹിക്കുന്ന മുൻ വിദേശകാര്യസെക്രട്ടറി ഹർഷവർധൻ ശൃംഗ്ല, കേന്ദ്ര സാമ്പത്തികകാര്യ വിഭാഗം സെക്രട്ടറി അജയ് സേഥ്, വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി എന്നിവർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.