തിരുവനന്തപുരം: പുതുപ്പള്ളി തോൽവിക്ക് പിന്നില്‍ ഭരണ വിരുദ്ധ വികാരം അല്ലെന്ന് വിലയിരുത്തി സിപിഐ. സഭകൾ കൈവിട്ടു. 2021 ൽ കിട്ടിയ ഓർത്ത്ഡോക്സ് യാക്കോബായ വോട്ടിൽ കുറവുണ്ടായി. മുന്നണി വോട്ടിൽ കുറവുണ്ടായിട്ടില്ലെന്നും പാര്‍ട്ടി വിലയിരുത്തി.
പുതുപ്പള്ളിയിലെ തോൽവിയെക്കുറിച്ച് മണ്‍ലത്തിന്‍റെ ചുമതലയുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി എൻ വാസവനും രംഗത്തെത്തി. ഇതിനേക്കാൾ വലിയ തോൽവി നേരെത്തെ നേരിട്ടിട്ടുണ്ട്. തോൽവിയിൽ ഞെട്ടലില്ല. സഹതാപ തരംഗം ആണ് പുതുപ്പള്ളിയിൽ ഉണ്ടായത്. തെരഞ്ഞെടുപ്പു നേരെത്തെ പ്രഖ്യാപിച്ചത് സംശയാസ്പദമാണ്. ബിജെപി കോൺഗ്രസ് ധാരണ ഇക്കാര്യത്തിൽ ഉണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപിയ്ക്ക് വോട്ട് കുറഞ്ഞതും ചേർത്ത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു .
സിപിഎം വോട്ട് എവിടെയും ചോർന്നിട്ടില്ല. കാലങ്ങളായി ലഭിച്ച വോട്ട് കിട്ടി. തന്‍റെ ബൂത്തിൽ മാത്രം അല്ല എല്ലാ സ്ഥലത്തും വോട്ട് കുറഞ്ഞുവെന്നും വാസവന്‍ പറഞ്ഞു. മാസപ്പടി മറുപടി അർഹിക്കാത്ത വിഷയമാണ്. പുതുപ്പള്ളിയിൽ അതൊന്നും ബാധിച്ചില്ല. സർക്കാർ വിരുദ്ധ വികാരവും ഉണ്ടായില്ല. വ്യക്തിഹത്യ നടത്തിയെന്ന ചാണ്ടി ഉമ്മന്‍റെ ആരോപണം തെറ്റാണ്. വ്യക്തിഹത്യ തുടങ്ങിയത് കോൺഗ്രസ് പ്രവർത്തകരാണ്. ജെയ്ക്കിന്‍റെ ഭാര്യയ്ക്ക് നേരെ ആരോപണം ഉയർത്തി. ആരോടും അത് പാടില്ല എന്നാണ് നിലപാട്. സർക്കാർ എല്ലാ മണ്ഡലത്തിനും നൽകുന്ന പരിഗണന പുതുപ്പള്ളിക്കും നൽകും. വികസന കാര്യത്തിൽ രാഷ്ട്രീയം കലർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.