ദില്ലി: ജി20 ഉച്ചകോടിക്ക് ദില്ലിയില്‍ തുടക്കമായിരിക്കുകയാണ്. ഉച്ചകോടിക്കായുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ കണ്ട് അന്തംവിടുകയാണ് ലോക രാജ്യങ്ങള്‍. പ്രഗതിമൈതാനിലെ ഭാരത് മണ്ഡപമാണ് സമ്മേളന വേദി. ഉച്ചകോടിക്കായി ദില്ലിയിലെത്തിയ രാഷ്ട്ര തലവന്‍മാരെയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകക്ക് മുന്നില്‍ വച്ച് സാംസ്‌കാരിക തനിമയോടെ സ്വീകരിച്ചു.
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി രാജ്യത്തലവന്‍മാര്‍ ദില്ലിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎൻ സെകട്ടറി ജനറൽ അന്‍റേണിയോ ഗുട്ടറസ്, ലോക ബാങ്ക് തലവന്‍ അജയ് ബാങ്ക, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദ്‌നോം ഗബ്റേസിസ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്പെയിൻ ഉപരാഷ്ട്രപതി നാദിയ കാൽവിനോ, യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, ജര്‍മന്‍ ചാന്‍സലര്‍ ഉലാഫ് ഷോയല്‍സ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രസീല്‍ പ്രസിഡന്‍റ് ലുലാ ഡിസില്‍വ… പട്ടിക നീളുകയാണ്.
ജി20 സമ്മേളന വേദിയായ പ്രഗതിമൈതാനിലെ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെയും ക്ഷണിതാക്കളേയും ഹസ്‌തദാനം നല്‍കി സ്വീകരിച്ചു.
ഒഡിഷയിലെ പുരിയിലുള്ള കൊണാർക്ക് സൂര്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകയ്‌ക്ക് മുന്നില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 അംഗങ്ങളെ ഹസ്‌തദാനം ചെയ്‌ത് വലവേറ്റത്. രാഷ്ട്രത്തലവന്‍മാര്‍ക്കൊപ്പം പ്രധാനമന്ത്രി ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു.
ഇന്ത്യ ഇതുവരെ കാണാത്ത ഒരുക്കങ്ങളാണ് ജി20 ഉച്ചകോടിക്കായി ദില്ലിയില്‍. പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനം കൂടിയായ ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെത്തുന്ന ലോക നേതാക്കള്‍ക്ക് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസം. ആരും കണ്ണഞ്ചിക്കും ജി20 കാഴ്‌ചകള്‍ കണ്ടാല്‍.
ഇന്നും നാളെയുമായി നടക്കുന്ന ജി20 ഉച്ചകോടിയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാവും. യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.