തിരുവനന്തപുരം: സംസ്ഥാന ഭരണം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിക്ക് ഭരണത്തില്‍ കാര്യമില്ല. പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഹൈജാക്ക് ചെയ്യുകയാണെന്ന് വി ഡി സതീശന് കടന്നാക്രമിച്ചു.
അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പൊതുഭരണ വകുപ്പിലെ മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്‍മാനെ മാറ്റി പുതിയ സിപിഐഎം നേതാവ് ചുമതലയേറ്റെടുത്തു. ഗണേഷ്കുമാര് പരാതി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. എന്തൊരു അത്ഭുതമാണ്. ഇത്തരമൊരു നടപടി അറിഞ്ഞിട്ടില്ലെങ്കില്‍ അത്തരമൊരു സ്ഥാനത്തിരിക്കുന്നത് എന്തിനാണെന്നാണ് ചോദിക്കാനുള്ളത്.’ വി ഡി സതീശന് പരിഹസിച്ചു.
ഗ്രോവാസുവിനെതിരായ പൊലീസ് നടപടിയേയും വി ഡി സതീശന് വിമര്‍ശിച്ചു. ഗ്രോ വാസുവിന്റെ പ്രതിഷേധം മൂടിവയ്ക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നു. മുദ്രാവാക്യം വിളിയ്ക്കുന്നതിന് പൊലീസ് മുഖം പൊത്തിപിടിയ്ക്കുന്നു. ചെറിയ പ്രതിഷേധങ്ങളെ പോലും സര്‍ക്കാര്‍ ഭയപ്പെടുന്നു. തീവ്രവലതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഇത് കേരളത്തെ മുഴുവന്‍ നാണിപ്പിക്കുന്നതാണെന്നും വി ഡി സതീശന് അഭിപ്രായപ്പെട്ടു. പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുണ്ടാകാം. എന്നാല്‍ മൃദുവായ ശബ്ദത്തെപോലും സര്‍ക്കാര്‍ ഭയപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും വി ഡി സതീശന് വിമര്‍ശിച്ചു. ഈ സര്‍ക്കാരിനെ വിലയിരുത്തുന്നതാവും തിരഞ്ഞെടുപ്പെന്ന നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാറ്റി. മലക്കം മറിയല്‍ വിദഗ്ധന്‍ ആണ് അദ്ദേഹം. പത്ത് എണ്ണുന്നതിന് മുമ്പ് നിലപാട് മാറ്റും. പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി മാറി. മിണ്ടാട്ടം ഇല്ല. ഈ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ രോഷവും പ്രതിഷേധവുമാണ് പുതുപ്പള്ളിയില്‍ കണ്ടതെന്നും വി ഡി സതീശന് രൂക്ഷമായി വിമര്‍ശിച്ചു.
തൃക്കാക്കരയിലേത് പോലെ ടീം യുഡിഎഫ് ആണ് പുതുപ്പള്ളിയിലും മുന്നണിയെ വിജയിപ്പിച്ചത്. ആത്മാര്‍ത്ഥതയോടെ ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഇതായിരിക്കും വിജയമന്ത്രം. പുതിയ സംസ്കാരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി നല്‍കിയത്. വിനയത്തോടെ ജനവിധിയെ സ്വീകരിക്കുന്നു. ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉയരും. വലിയ ഭാരമാണ് ചുമലില്‍ വെച്ചത്. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നും വി ഡി സതീശന് പറഞ്ഞു.