തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം സഭാ ഇഫക്ടെന്ന് സിപിഐ വിലയിരുത്തൽ. ക്രൈസ്തവ സഭകളുടെ പിന്തുണ നഷ്ടപ്പെട്ടതാണ് പരാജയത്തിലേക്ക് നയിച്ചത്. 2021ൽ പിന്തുണച്ച ഓർത്തഡോക്സ് ,യാക്കോബായ വിഭാഗങ്ങൾ ഇത്തവണ മുന്നണിക്ക് വോട്ട് ചെയ്തില്ല. അതുകൊണ്ടാണ് കഴിഞ്ഞ തവണത്തേതിലും വോട്ട് കുറഞ്ഞതെന്നും സിപിഐ വിലയിരുത്തുന്നു.
ഇടതു മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവുണ്ടായിട്ടില്ല. മാധ്യമ വാർത്തകളും ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. സർക്കാരിനെതിരായ വാർത്തകൾ വോട്ടർമാരെ സ്വാധീനിച്ചു. എന്നാൽ സർക്കാർ വിരുദ്ധ തരംഗം ഉണ്ടെന്ന് പാർട്ടി കരുതുന്നില്ല. കോട്ടയം ജില്ലാ കൗൺസിൽ ചേർന്ന് ഫലം വിലയിരുത്തുമെന്നും സിപിഐ വൃത്തങ്ങൾ അറിയിച്ചു.
പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചത്. ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ 37719 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ പരാജയപ്പെടുത്തിയത്. പുതുപ്പള്ളിയുടെ ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ജെയ്ക് സി തോമസ് തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്. സഹതാപ തരംഗത്തിലുണ്ടായ വിജയമാണ്. തിരഞ്ഞെടുപ്പിൽ വികസനം ചർച്ചയായില്ല എന്നും മണ്ഡലത്തിലെ പ്രത്യേക സാഹചര്യവും പെട്ടന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമാണ് ചാണ്ടി ഉമ്മന് തുണയായതെന്നും ജെയ്ക് മാധ്യമങ്ങളോടു പറഞ്ഞു.