തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി പറയുന്ന മുൻ എംപി പി കെ ബിജുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ഇഡി അറസ്റ്റ് ചെയ്ത, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ പി സതീഷ് കുമാറിന്റേതാണ് പി കെ ബിജു സമ്പാദിച്ച പണമെന്നും അക്കര ആരോപിച്ചു. പി കെ ബിജുവിന്റെ മെന്ററാണ് പി സതീഷ് കുമാറെന്ന ആരോപണവും അനിൽ അക്കര ഉന്നയിച്ചിട്ടുണ്ട്. ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പേര് പറയാതെ മുൻ എംപിയെ പരാമർശിക്കുന്നുണ്ട്. ഇത് പി കെ ബിജു ആണെന്നാണ് അനിൽ അക്കരെ ഉന്നയിക്കുന്ന ആരോപണം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ് തൃശൂർ കോലാഴി സ്വദേശിയായ പി സതീഷ് കുമാർ.
2009 ലോക്സഭയിലേക്ക് ജയിച്ച ശേഷം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായാണ് പി കെ ബിജു എംപിയുടെ ഓഫീസ് അടക്കം പ്രവര്‍ത്തിച്ചുവന്നിരുന്നത്. 2014 ൽ വീണ്ടും മത്സരിച്ച് ജയിച്ചതോടെ വടക്കഞ്ചേരിയില്‍നിന്ന് തൃശ്ശൂര്‍ പാര്‍ളിക്കാട്ടെ കൊട്ടാര സദൃശമായ വീട്ടിലേക്ക് പി കെ ബിജു താമസം മാറി. ഈ വീടിന്റെ നടത്തിപ്പ് ചുമതല നിലവിലെ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനായിരുന്നു. ഇയാൾ കരുവന്നൂർ കേസിൽ അറസ്റ്റിലാകാൻ ഇരിക്കുകയാണെന്നും അനിൽ അക്കര ആരോപിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ എംഎൽഎയ്ക്കും മുൻ എംപിക്കും പണം ലഭിച്ചിട്ടുണ്ടെന്ന് ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് മുൻ എംപിയുമായുള്ള ഫോൺ സംഭാഷണം ലഭിച്ചുവെന്നും കേസിലെ സാക്ഷികൾക്ക് ഇവരിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി കേസിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സതീഷ് കുമാർ പണം കൈമാറുന്നത് കണ്ടുവെന്ന് സാക്ഷികളുടെ മൊഴിയുണ്ട്. രണ്ടു കോടി നൽകുന്നത് കണ്ടുവെന്ന് കളക്ഷൻ ഏജൻ്റ് മൊഴി നൽകി. മൂന്ന് കോടി നൽകിയതായി മറ്റൊരു മൊഴിയുമുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പി സതീഷ് കുമാറിനെയും, പി പി കിരണിനെയും ഈ മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പി പി കിരണിനേയും സതീഷ് കുമാറിനെയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്.
ക്രമവിരുദ്ധ വായ്പകളുടെ രേഖകള്‍ കണ്ടെത്തിയതായി ഇ ഡി മുൻപ് സമർപ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. വായ്പകള്‍ വേണ്ടത്ര പരിശോധനകള്‍ നടത്താതെ നൽകിയെന്നും വായ്പ ഇതര അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്നും ഇഡി വ്യക്തമാക്കി. വായ്പക്കാരന്‍ ആരെന്ന് അറിയാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ ഉള്ളതെന്നും ഇഡി വ്യക്തമാക്കി. ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് വായ്പ നല്‍കി. അതും ഒരേ രേഖകളില്‍ ഒന്നിലധികം വായ്പ നല്‍കി. പി പി കിരണ്‍ അംഗത്വം നേടിയത് ബാങ്ക് ബൈ ലോ മറികടന്നാണ്. പി സതീഷ് കുമാര്‍ അനധികൃത പണമിടപാട് നടത്തി. കുറ്റകൃത്യത്തില്‍ ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.