അബുദാബി: ശൈത്യകാലത്തിന് മുന്നോടിയായി യുഎഇയില്‍ താപനില കുറയുന്നു. രാജ്യത്തിന്റെ മലയോര മേഖലകളില്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രികാലങ്ങളിലും രാവിലെയും അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
യുഎഇയില്‍ ഓരോ ദിവസം കഴിയും തോറും താപനില ക്രമാതീതമായി കുറയുകാണ്. 46 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇപ്പോള്‍ രാജ്യത്തെ ഉയര്‍ന്ന താപനില. എന്നാല്‍ മലയോര മേഖലകളില്‍ 25 ഡിഗ്രിയായി താപനില കുറയുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴയും പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് രൂപപ്പെടുമെന്നും ദേശീയ കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അടുത്ത മാസം ആദ്യം യുഎഇയില്‍ ശൈത്യകാലം എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. ശൈതത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് കഴിഞ്ഞ മാസം യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും രാജ്യം ശൈത്യകാലത്തിലേക്ക് കടക്കുക. കാലാവസ്ഥാ മാറ്റത്തിനൊപ്പം പകല്‍ സമത്തിന്റെ ദൈര്‍ഘ്യത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ പതിമൂന്ന് മണിക്കൂറില്‍ താഴെയാണ് പകലിന്റെ ദൈര്‍ഘ്യം. അടുത്ത മാസത്തോടെ രാവും പകലും തുല്യ ദൈര്‍ഘ്യത്തിലെത്തും. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ശൈത്യ കാലം ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കും.