ന്യൂഡൽഹി : ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ സന്നാഹത്തിൽ വീഴ്ച. ബൈഡന്റെ വാഹനവ്യൂഹത്തിലേക്കായി നിശ്ചയിച്ചിരുന്ന സ്വകാര്യ ടാക്സി മറ്റൊരു യാത്രക്കാരനെ കൊണ്ടുവിടുന്നതിനായി പോയി. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയ്യിദ് അൽനഹ്യാൻ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രവേശിക്കാൻ ശ്രമിച്ച വാഹനം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.
ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാൻ പോയതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ബൈഡന്‍ താമസിച്ചിരുന്ന ഐടിസി മൗര്യയിൽ റിപ്പോർട്ട് ചെയ്യുന്നതിനു മുൻപായി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനായി ഹരിയാന റജിസ്ട്രേഷനിലുള്ള കാർ പോവുകയായിരുന്നു. താജ് ഹോട്ടലിലാണ് യാത്രക്കാരനെ കൊണ്ടുവിടേണ്ടിയിരുന്നത്.
സ്ഥിരമായി യാത്രചെയ്യുന്ന ആൾ രാവിലെ എട്ടുമണിയോടെ താജ് ഹോട്ടലിലേക്ക് കൊണ്ടുവിടാൻ ആവശ്യപ്പെടുകയായിരുന്നു. രാവിലെ 9.30ന് ആയിരുന്നു ബൈഡന്റെ വാഹനവ്യൂഹം പുറപ്പെടേണ്ടിയിരുന്നത്. ഈ സമയത്തിനുള്ളിൽ തിരികെ എത്താമെന്നു കരുതിയാണ് പോയതെന്ന് ഡ്രൈവർ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചോദ്യം ചെയ്യലിനു ശേഷം ഡ്രൈവറെയും കാറിലുണ്ടായിരുന്ന ബിസിനസുകാരനെയും വിട്ടയച്ചു. സുരക്ഷാവ്യൂഹത്തിൽനിന്ന് ഈ വാഹനം ഒഴിവാക്കുകയും ചെയ്തു. ബൈഡന്റെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തുന്നതിനായി നിരവധി വാഹനങ്ങൾ വാടകയ്ക്കെടുത്തിരുന്നു. ഇതു കൂടാതെ യുഎസ് സ്വന്തം നിലയ്ക്കും 60 വാഹനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.