തിരുവനന്തപുരം: വസ്തുതയുമായി ബന്ധമില്ലാത്ത വിചിത്ര ആരോപണങ്ങളെന്ന് സോളാർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സതീശനും വിജയനും തമ്മിൽ വ്യത്യാസം ഉണ്ട്. ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനാണ്. കേരള ഹൗസിൽ ബ്രേക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങി പോകാൻ പറഞ്ഞ ആളാണ് താൻ. അത് പറയാൻ വിജയന് മടിയില്ലെന്നും ദല്ലാൾ തന്റെ അടുത്തു വന്നു എന്നത് ആവശ്യത്തിന് വേണ്ടി കെട്ടി ചമച്ച കഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
തന്റെ അടുത്ത് വരാൻ അയാൾക്ക് മാനസിക അവസ്ഥ ഉണ്ടാകില്ല. മറ്റ് പലയിടത്തും പോകും. അത്ര പെട്ടെന്ന് തന്റെ അടുത്ത് വരാനുള്ള മാനസിക നില ദല്ലാളിന് ഉണ്ടാകുമെന്ന് കരുതുന്നില്ല. മറ്റു പലയിടത്തും പോകുമെങ്കിലും പരാതി വരുന്നത് അധികാരത്തിൽ വന്നുമൂന്നാം മാസമാണ്. താൻ പ്രത്യേക താല്പര്യം കാണിച്ചു എന്നത് ശരിയല്ല. സോളാറിൽ രാഷ്ട്രീയ താല്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിബിഐ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇല്ല. സോളാറിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം മുതലുള്ള നിലപാട്. ഉമ്മൻചാണ്ടിക്കെതിരെ മുൻപ് ആരോപണം ഉന്നയിച്ചത് മുൻ ചീഫ് വിപ്പ് പിസി ജോർജ്ജാണ്. പാതിരാത്രിയിൽ പരാതിക്കാരിയെ വിളിച്ചു സംസാരിച്ചത് കോൺഗ്രസ് ഭരണഘടന അല്ലല്ലോ എന്ന് ചോദിച്ചത് ഞങ്ങളല്ല. വേട്ടയാടലിന്റെ ചരിത്രം പറഞ്ഞാൽ യുഡിഎഫിനു അത്ര സുഖമാകുമോ എന്നും പിടി ചാക്കോ മുതൽ ഉള്ള ചരിത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി നൽകി. ആരെയും വേട്ടയാടിയിട്ടില്ല. ലഭ്യമല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അന്വേഷണത്തിനു പ്രയാസമാണ്. റിപ്പോർട്ടിൽ നിയമ പരിശോധന നടത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി.
ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. ഞങ്ങളുട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ ആണെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.