കായംകുളം: സഭാ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരിസ് പള്ളിയിൽ ഇടക്കാലത്തിന് ശേഷം വീണ്ടും സംഘർഷാവസ്ഥ. യാക്കോബായ വിഭാഗത്തിന്റെ കല്ലറ തകർത്തുവെന്ന പരാതിയാണ് പ്രശ്നങ്ങൾക്ക് കാരണം. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യാക്കോബായക്കാർ പള്ളിക്ക് മുന്നിൽ സമരം തുടങ്ങിയതോടെ ജാഗ്രതയുമായി പൊലിസും സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.
സുപ്രീം കോടതി വിധിയെ തുടർന്ന് പള്ളി ഓർത്തഡോക്സ് പക്ഷം സ്വന്തമാക്കിയത് മുതൽ ഇരുപക്ഷവും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. തുടർന്ന് യാക്കോബായക്കാരുടെ മൃതദേഹ സംസ്കാര ചടങ്ങുകളും പലപ്പോഴും പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു മാസത്തിലധികം മൃതദേഹവുമായി കാത്തിരിക്കേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഈ പശ്ചത്തലത്തിലാണ് അധികൃതർക്ക് തലവേദനയുമായി പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.
പള്ളിക്ക് മുന്നിലെ യാക്കോബായക്കാരുടെ സഹനസമരം ആനിക്കാട് സെന്റ് ഗ്രീഗോറിയോസ് റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. സേവേറിയോസ് തോമസ് ഉദ്ഘാടനം ചെയ്തു. മൃതദേഹങ്ങളോടുള്ള അനാദരവും, കല്ലറകളോടുള്ള അക്രമവും സാക്ഷരകേരളത്തിന് അപമാനമണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇടവക ട്രസ്റ്റി അലക്സ്. എം.ജോർജ് അറിയിച്ചു.
ചൊവ്വാഴ്ച ഇടവകയിലെ വിശ്വാസികൾ പള്ളിക്കു മുന്നിൽ പ്രതിഷേധ ജ്വാല തെളിയിക്കും. കല്ലറ തകർത്ത സംഭവത്തിൽ സഭ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോർ തേവോദോസിയോസ് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 16 ന് പള്ളിക്കു മുന്നിൽ പ്രതിഷേധ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.