സിയോള്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യയിലേക്ക്. വിദേശ സന്ദര്‍ശനത്തിനായി കിം ഉപയോഗിക്കാറുള്ള പച്ച നിറമുള്ള ട്രെയിന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കണ്ടെത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കിമ്മിന്റെ യാത്ര ട്രെയിനിലാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പുടിനുമായി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ച ചൊവ്വാഴ്ച റഷ്യന്‍ നഗരമായ വ്‌ളാഡിവോസ്‌തോക്കിലായിരിക്കും. ഇതേ നഗരത്തില്‍ തന്നെയാണ് 2019ല്‍ കിം- പുടിന്‍ കൂടിക്കാഴ്ച ആദ്യം നടന്നത്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തില്‍ ആയുധങ്ങള്‍ കുറഞ്ഞതോടെയാണ് പുടിന്‍- കിം കൂടിക്കാഴ്ചയെന്നാണ് വിവരം. ഉത്തര കൊറിയയുടെ കൈവശം ദശലക്ഷക്കണക്കിന് ആര്‍ട്ടിലറി ഷെല്ലുകളും റോക്കറ്റുകളുമുണ്ട്. ഇവ റഷ്യന്‍ സൈന്യത്തിന് നല്‍കാനും പകരം ഭക്ഷ്യവസ്തുക്കള്‍, ഊര്‍ജം എന്നിവയും ബാലിസ്റ്റിക് മിസൈലുകള്‍, ന്യൂക്ലിയാര്‍ ബാലിസ്റ്റിക് മിസൈല്‍ സബ് മറൈനുകള്‍, ശത്രു സങ്കേത പരിശോധന നടത്താവുന്ന ഉപഗ്രഹങ്ങള്‍ എന്നിവ തിരികെ ലഭിക്കാനുമാണ് ഉത്തര കൊറിയ ആഗ്രഹിക്കുന്നത്.