ന്യൂഡൽഹി: വിമാന തകരാർ മൂലം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും സംഘത്തിനും ഇന്ത്യയിൽ തന്നെ തുടരേണ്ടി വന്നു. ഇന്ത്യയിൽ നിൽക്കേണ്ടി വന്ന ട്രൂഡോ ഡൽഹിയിലെ ലളിത് ഹോട്ടലിലെ തന്റെ മുറിയിൽ തന്നെ ചെലവഴിക്കുകയാണുണ്ടായത്. തിങ്കളാഴ്ച ട്രൂഡോയ്ക്ക് ഇന്ത്യൻ സർക്കാരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ട്രൂഡോയ്ക്കും സംഘത്തിനുമൊപ്പം 16 വയസ്സുള്ള മകൻ സേവ്യറും ഇന്ത്യയിലെത്തിയിരുന്നു. സേവ്യറും ഹോട്ടൽ മുറിയിൽ തന്നെ ദിവസം ചെലവഴിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ട്രൂഡോയ്ക്കും സംഘത്തിനും തലസ്ഥാനത്ത് നിന്ന് മടങ്ങാനാവുമെന്നാണ് സൂചന. ‘പ്രധാനമന്ത്രിക്ക് മടക്ക യാത്രയ്ക്കുള്ള വിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും വിമാനം ഉച്ചയോടെ പുറപ്പെടുമെന്നാണ് പ്രതീക്ഷ,’ ഒരു വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ ട്രൂഡോയും സംഘവും ഞായറാഴ്ച രാത്രിയോടെയാണ് മടങ്ങേണ്ടിയിരുന്നത്. ട്രൂഡോയും സംഘവും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴാണ് തകരാര്‍ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്.
ജി20 യുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രൂഡോയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഖലിസ്ഥാൻ വാദികളുടെ പ്രവര്‍ത്തനങ്ങളോട് കാനേഡിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചും ചർച്ച നടന്നിരുന്നു.