റിയാദ് : സൗദി അറേബ്യയിൽ ഒളിച്ചോടിയ വീട്ടുജോലിക്കാർക്ക് പുതിയ സ്പോർസറുടെ കീഴിലേക്കു ജോലി മാറാനാകില്ല. മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച നിബന്ധനകൾ പാലിക്കുന്നവർക്കു മാത്രമേ പുതിയ വീസയിലേക്കോ സ്പോൺസർഷിപ്പോ മാറാനാകൂ. ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റണമെങ്കിൽ നിലവിലെ സ്‌പോൺസർ പുതിയ സ്‌പോൺസർക്ക് മുസാനിദ് പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കണം.
തൊഴിലാളിയുടെയും സ്‌പോൺസറുടെയും മുഴുവൻ വിവരങ്ങൾ അപേക്ഷയിൽ അടങ്ങിയിരിക്കണം. തുടർന്ന് പുതിയ സ്‌പോൺസർ അപേക്ഷ അംഗീകരിക്കുകയും വേണം. അബ്ഷിർ വഴിയാണ് അപേക്ഷ പൂർത്തിയാക്കേണ്ടത്. ഒളിച്ചോടിയതായി സ്പോൺസർ നൽകിയ പരാതി പിൻവലിച്ചാലേ ഇതര വിഭാഗം തൊഴിലാളികൾക്കും ജോലി മാറാനാകൂ. പരാതിപ്പെട്ട് 15 ദിവസത്തിനകമാണെങ്കിൽ അബ്ഷിർ പോർട്ടൽ വഴി പിൻവലിക്കാം. അല്ലെങ്കിൽ പാസ്പോർട്ട് വിഭാഗമായ ജവാസാത്തിൽ നേരിട്ട് ഹാജരായി പരാതി പിൻവലിക്കേണ്ടി വരും. സൗദിയിൽ ഒട്ടേറെ ഇന്ത്യക്കാർ ഗാർഹിക ജോലി ചെയ്തുവരുന്നുണ്ട്.