Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്ക് നിയന്ത്രണം; കോഴിക്കോട് അതീവ ജാഗ്രത

വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്ക് നിയന്ത്രണം; കോഴിക്കോട് അതീവ ജാഗ്രത

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണം. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്.

പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സല്‍ക്കാരം തുടങ്ങിയ പരിപാടികള്‍ക്ക് പരമാവധി ആള്‍ക്കൂട്ടം കുറയ്ക്കണം. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് പൊലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള്‍ മാറ്റിവെക്കാനും നിര്‍ദേശമുണ്ട്.

അതേസമയം കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യപ്രവര്‍ത്തകനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. മരിച്ച രണ്ട് പേര്‍ക്ക് ഉള്‍പ്പടെ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

നിപ പോസിറ്റീവായവരെത്തിയ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഇടപഴകിയ മറ്റ് വ്യക്തികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കോണ്‍ടാക്ട് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 706 പേരാണ് കോണ്‍ടാക്ട് ലിസ്റ്റിലുള്‍പ്പെട്ടിട്ടുളളത്. 77 പേര്‍ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 157 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

13 പേര്‍ ഐസൊലേഷനില്‍ നിരീക്ഷണത്തിലുണ്ട്. അവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഫോണ്‍ വഴി മാനസിക പിന്തുണ നല്‍കുന്നുണ്ട്. 248 പേര്‍ക്ക് ഇതിനോടകം ഫോണ്‍ വഴി മാനസിക പിന്തുണ നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളെ വാര്‍ഡ് തിരിച്ചു സന്നദ്ധ പ്രവര്‍ത്തകരെ ക്രമീകരിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ബാഡ്ജ് നല്‍കും. പഞ്ചായത്ത് ആണ് വളന്റിയര്‍മാരെ തെരഞ്ഞെടുക്കേണ്ടത്. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം ഇവര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments