തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് 4 ഐടി ഫെലോകളെ നിയമിക്കുന്നു. ടാലന്റ്, അടിസ്ഥാന സൗകര്യവികസനവും നിക്ഷേപവും, ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ്, സ്റ്റാർട്ടപ്പുകളും എസ്എംഇകളും എന്നീ മേഖലകളിലായിരിക്കും നിയമനം. നിയമനം നടത്താൻ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരു ഐടി ഫെലോ ആണ് ഉണ്ടായിരുന്നത്. സ്വർണക്കടത്തു കേസ് വന്നപ്പോൾ അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതെത്തുടർന്നാണ് ഒഴിവാക്കിയത്. മുൻപ് ഒഴിവാക്കിയ ആളിനെ വീണ്ടും 4 ഐടി ഫെലോകളിൽ ഒരാളായി കൊണ്ടുവരാനാണു ശ്രമം എന്നും ആരോപണമുണ്ട്.
ഐടി രംഗത്തേക്കു നിക്ഷേപം ആകർഷിക്കുന്നതിനായി ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച ഹൈപവർ ഐടി കമ്മിറ്റിയെ സഹായിക്കുകയാണ് ഫെലോകളുടെ ചുമതല. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് ഫെലോകളെ നിയമിക്കുന്നതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇവർക്ക് ഓരോരുത്തർക്കും ശമ്പളവും ആനുകൂല്യങ്ങളും മറ്റുമായി മാസം 2 ലക്ഷത്തോളം രൂപ ലഭിക്കും എന്നാണ് സൂചന