തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് അഞ്ച് ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട്.
വടക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദം ശക്തി പ്രാപിച്ചിട്ടുണ്ട്. ഈ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് സ്ഥിതി ചെയ്യുന്നു. ന്യൂനമർദ്ദം അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഒഡിഷ – ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരളാ തീരത്ത് മിതമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ ഇടത്തരം മഴയ്‌ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.