Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'അമേരിക്ക ഞങ്ങൾക്ക് ക്ലാസ് എടുക്കേണ്ട'; കിമ്മിന്റെ സന്ദർശനത്തിനെതിരെയുളള വിമർശനത്തിൽ റഷ്യ

‘അമേരിക്ക ഞങ്ങൾക്ക് ക്ലാസ് എടുക്കേണ്ട’; കിമ്മിന്റെ സന്ദർശനത്തിനെതിരെയുളള വിമർശനത്തിൽ റഷ്യ

മോസ്കോ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സന്ദർശനത്തെ വിമർശിച്ച അമേരിക്കയെ കുറ്റപ്പെടുത്തി റഷ്യ. അമേരിക്ക കാപട്യം കാണിക്കുകയാണ്. കാരണം, ലോക രാജ്യങ്ങൾക്ക് ആയുധങ്ങൾ കൈമാറുന്നവരും കുഴപ്പങ്ങൾ വിതയ്ക്കുന്നവരുമാണ് അമേരിക്കയെന്നും റഷ്യ പറഞ്ഞു.

‘എങ്ങനെ മുന്നോട്ട് പോകണമെന്ന് അമേരിക്ക ഞങ്ങൾക്ക് പഠിപ്പിച്ചുതരേണ്ടതില്ല. അമേരിക്ക ഏഷ്യയിൽ ഒരു സഖ്യം തന്നെ കെട്ടിപ്പടുത്തു, കൊറിയൻ ഉപദ്വീപിന് സമീപം സൈനിക അഭ്യാസങ്ങൾ വിപുലീകരിച്ചു, യുക്രെയ്നിന് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ വിതരണം ചെയ്തു,’ അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അന്റനോവ് പ്രസ്താവനയിൽ പറഞ്ഞു.

‘വാഷിങ്ടൺ അവരുടെ സാമ്പത്തിക ഉപരോധങ്ങൾ ചവറ്റുകുട്ടയിലേക്ക് വിലച്ചെറിയേണ്ട സമയമാണിത്. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് പ്രിയപ്പെട്ട ഏകധ്രുവ ആധിപത്യം നിലനിർത്താനുളള ശ്രമം ഇനി സാധ്യമല്ല,’ അനറ്റോലി അന്റനോവ് കൂട്ടിച്ചേർത്തു.

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും കിമ്മിനും ഇടയിൽ വളർന്നുവരുന്ന സൗഹൃദം അമേരിക്കക്കും സഖ്യരാജ്യങ്ങൾക്കുമിടയിൽ ആശങ്ക വളർത്തിയിട്ടുണ്ട്. കിം റഷ്യക്ക് ആയുധങ്ങൾ കൈമാറുമെന്ന് യുഎസ് ആരോപിച്ചിരുന്നു. ഉത്തരകൊറിയയുടെ ആണവ-മിസൈൽ-ഉപഗ്രഹ പദ്ധതികൾക്കുള്ള റഷ്യൻ സഹകരണം അടക്കം പുടിൻ-കിം കൂടിക്കാഴ്ചയിൽ ചർച്ചയായതായി റിപ്പോർട്ടുണ്ട്. ആണവ അന്തർവാഹിനികൾ ഉത്തരകൊറിയക്ക് നൽകുന്ന വിഷയത്തിലും ചർച്ച നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

റഷ്യയുടെ ഫാർ ഈസ്റ്റിൽ നടന്ന കൂടിക്കാഴ്ചയിൽ അടുത്ത നൂറ് വർഷത്തേക്ക് സുസ്ഥിരവും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതുമായ ബന്ധം വളർത്തിയെടുക്കാൻ കിം പുടിനോട് സന്നദ്ധത പ്രകടിപ്പിച്ചതായും കെസി‌എൻ‌എ റിപ്പോട്ട് ചെയ്യുന്നു. ഉത്തരകൊറിയ റഷ്യയിൽ നിന്നും പ്രതീക്ഷിക്കുന്ന സാങ്കേതിക വിദ്യക്കും ഭക്ഷ്യ സഹായത്തിനും പകരമായി സൈനിക ഉപകരണങ്ങളാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം ഉത്തരകൊറിയ സന്ദർശിച്ച റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു റഷ്യക്ക് പീരങ്കികൾ വിൽക്കാൻ സമ്മർദ്ദം ചെലുത്തിയതായി വാർത്തകളുണ്ടായിരുന്നു.

അതേസമയം കിം ജോങ് ഉൻ വ്‌ളാദിമിർ പുടിനെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്. പുടിൻ ക്ഷണം സ്വീകരിച്ചതായി വാർത്താ ഏജൻസി കെസി‌എൻ‌എ റിപ്പോർട്ട് ചെയ്തു. വോസ്റ്റോക്‌നി കോസ്‌മോഡ്രോം ബഹിരാകാശ കേന്ദ്രം സന്ദർശിച്ച് ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തിയതിന് ശേഷമാണ് കിമ്മിൽ നിന്ന് പുടിന് ഉത്തര കൊറിയ സന്ദർശിക്കാനുള്ള ക്ഷണം ലഭിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments