ദോഹ :ജീവനക്കാർക്കായി തൊഴിൽ പെർമിറ്റ് പരിഷ്കരിക്കാനുള്ള നടപടികൾ തൊഴിലുടമയ്ക്ക് ഇനി ഓൺലൈനിൽ പൂർത്തിയാക്കാം. തൊഴിൽ മന്ത്രാലയമാണ് പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചത്. തൊഴിലുടമകൾക്ക് ജീവനക്കാർക്ക് വേണ്ടി തൊഴിൽ മാറ്റത്തിന് അപേക്ഷിക്കുക കൂടുതൽ എളുപ്പമാകും. ഇതിനായി മന്ത്രാലയം ഓഫിസുകളിലോ സേവന കേന്ദ്രങ്ങളിലോ കയറിയിറങ്ങേണ്ടതില്ല. അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനും തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള കരാറുകളുടെ അറ്റസ്റ്റേഷൻ സംവിധാനത്തിന്റെ പുരോഗതി വിലയിരുത്താനും ഭേദഗതി ചെയ്ത തൊഴിൽമാറ്റം സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നതിനും അനുവദിക്കുന്നതാണ് ഇ-സേവനം. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണിത് നടപ്പാക്കുന്നത്.