പാക്കിസ്ഥാനില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ചരിത്രത്തിലാദ്യമായി 300 രൂപ കടന്നത് അടുത്തിടെയാണ്. പുതിയ വർധനയോടെ പെട്രോൾ വില 305.36 പാക്കിസ്ഥാനി രൂപയായപ്പോൾ ഡീസൽ വില 311.84 രൂപയിലെത്തി. ഇത് ഭയാനകമായ സാമ്പത്തിക സ്ഥിതിയിൽ നട്ടംതിരിയുന്ന ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറിന്റെ കീഴിലുള്ള കാവൽ സർക്കാർ അടുത്തിടെ പെട്രോളിന്റെയും ഹൈസ്പീഡ് ഡീസലിന്റെയും വില കുത്തനെ കൂട്ടിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം വിലയിലെ വർധിച്ച പ്രവണതയും വിനിമയ നിരക്കിലെ വ്യതിയാനവും കണക്കിലെടുത്താണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിലവിലുള്ള ഉപഭോക്തൃ വില പരിഷ്‍കരിക്കാൻ തീരുമാനിച്ചതെന്ന് പാകിസ്ഥാൻ സർക്കാർ പ്രസ്‍താവനയിൽ പറഞ്ഞു.
അതേസമയം കുതിച്ചുയരുന്ന വൈദ്യുതി ബില്ലിനെതിരെ രാജ്യം അടുത്തിടെ വൻ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മുൾട്ടാൻ, ലാഹോർ, കറാച്ചി എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആളുകൾ അവരുടെ ബില്ലുകൾ കത്തിച്ച വൻ പ്രകടനങ്ങൾ നടത്തി. വൈദ്യുതി വിതരണ കമ്പനികളിലെ ഉദ്യോഗസ്ഥരുമായും ജനം ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് സർക്കാർ അറിയിച്ചു. ഈ ആഴ്ച ആദ്യം, ഇടക്കാല പ്രധാനമന്ത്രി കക്കർ ഈ വിഷയത്തിൽ അടിയന്തര യോഗം ചേരുകയും വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിന് നടപടികള്‍ ആസൂത്രണം ചെയ്യാൻ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ, ഇതുവരെ ഒരു പരിഹാരവും മുന്നോട്ടുവച്ചിട്ടില്ല.