ശ്രീനഗർ: ജമ്മു കശ്മീരില്‍ അനന്ത്‌നാഗിന് പിന്നാലെ ഉറിയിലും ഏറ്റുമുട്ടല്‍. ഉറിയില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നലെ രണ്ട് ലഷ്‌കര്‍ ഭീകരരെ ബാരാമുള്ളയില്‍ ആയുധങ്ങളുമായി പിടികൂടിയിരുന്നു. അനന്ത്‌നാഗിലെ കൊകോരെനാഗ് ഗാരോള്‍ വനത്തിലെ ഏറ്റുമുട്ടല്‍ നാലാംദിനവും തുടരുകയാണ്.
ലഷ്‌കര്‍ ഭീകരന്‍ ഉസൈര്‍ ഖാനടക്കം രണ്ട് ഭീകരര്‍ കൊകോരെനാഗ് ഗാരോള്‍ വനത്തിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്തപരിശോധനയ്ക്ക് ഇടയിലാണ് നാല് ദിവസം മുമ്പ് ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇസ്രയേല്‍ നിര്‍മിത ആളില്ലാ വിമാനങ്ങള്‍ അടക്കം ഉപയോഗിച്ചാണ് ഒളിച്ചിരിക്കുന്ന ഭീകര്‍ക്കായി പരിശോധന നടക്കുന്നത്. കുന്നിന്‍ മുകളിലെ ഗുഹയില്‍ ഒളിച്ചിരിക്കുന്ന ഭീകകരെ കണ്ടെത്താനുള്ള നീക്കത്തിനിടയില്‍ പൊലീസ് ഡിഎസ്പി അടക്കം 5 സുരക്ഷ ഉദ്യോഗസ്ഥര്‍ ദൗത്യത്തിനിടെ കൊല്ലപ്പെട്ടിരുന്നു.
ഒരു വശത്ത് ആഴത്തിലുള്ള കൊക്കകളുള്ള ഇടുങ്ങിയ വഴിയിലൂടെ മാത്രം പ്രവേശിക്കാന്‍ കഴിയുന്ന കുന്നിന്‍ മുകളിലെ ഗുഹയിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന് സോഴ്‌സുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഗുഹയ്ക്ക് സമീപം എത്തിയതോടെയാണ് ഭീകരര്‍ ആക്രമണം ആരംഭിച്ചത്.