Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒഴിവാക്കുന്നതിനായി മകന്റെ മൃതദേഹവുമായി പിതാവ് ആശുപത്രിയിൽനിന്ന് മുങ്ങി

പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒഴിവാക്കുന്നതിനായി മകന്റെ മൃതദേഹവുമായി പിതാവ് ആശുപത്രിയിൽനിന്ന് മുങ്ങി

മും​ബൈ: പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒഴിവാക്കുന്നതിനായി, പ്രിയപുത്രന്റെ മൃതദേഹവുമായി പിതാവ് ആശുപത്രിയിൽനിന്ന് മുങ്ങി. ന്യൂമോണിയ ബാധിച്ച് മരിച്ച എട്ടുമാസം പ്രായമുള്ള മകന്റെ മൃതദേഹവുമായാണ് താനെ സ്വദേശിയായ സുധീർ കുമാർ കടന്നുകളഞ്ഞത്. കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ് സംഭവം.

വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച ഉച്ചക്കുമിടയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. മകൻ ഡിസ്ചാർജ് ആയെന്ന് പറഞ്ഞ് കുഞ്ഞിന്റെ മൃതദേഹവുമായി ആശു​പത്രി വളപ്പിൽനിന്ന് പുറത്തുകടക്കാനായിരുന്നു സുധീർ കുമാറിന്റെ ശ്രമം. ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ഗാർഡും തടയാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓട്ടോയിൽ കടന്നുകളയുകയായിരുന്നു. പിന്നീട് ഷിൽ-ദേഗാർ പൊലീസ് ഇടപെട്ട് രണ്ടുമണിക്കൂറിനുള്ളിൽ ഇയാളെ കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് സഹിക്കാനാവാത്തതിനായാണ് കടന്നുകളഞ്ഞതെന്ന് സുധീർ പൊലീസിനോട് പറഞ്ഞു.

എട്ടുമാസം പ്രായമുള്ള മകൻ സൂര്യയുമായി വ്യാഴാഴ്ച രാത്രിയാണ് താനെ മുനിസിപ്പൽ കോർപറേഷന് കീഴിലുള്ള ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ സുധീർ എത്തിയത്. ന്യൂമോണിയ കലശലായെന്നായിരുന്നു പരിശോധനയിൽ കണ്ടെത്തിയത്. ആരോഗ്യാവസ്ഥ ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ കുഞ്ഞ് മരിച്ചു.

കൽവയിലെ ആശുപത്രിയിലെത്തുന്നതിന് മുമ്പ് കുഞ്ഞിനെ ഒരു സ്വകാര്യ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി താനെ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് 24 മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചാൽ, പോസ്റ്റ്മോർട്ടം ആവശ്യമാണെന്നാണ് നിബന്ധന. നഴ്സ് ഇക്കാര്യം സൂചിപ്പിച്ചതിനു പിന്നാലെയാണ് സുധീറിനെയും കുഞ്ഞിനെയും കാണാതായത്.

ഇതുശ്രദ്ധയിൽപെട്ട നഴ്സ് ഉടൻ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. സെക്യൂരിറ്റി ഗാർഡുമാർക്കും നിർദേ​ശം നൽകി. ആശുപത്രിയുടെ താഴെ നിലയിലെത്തിയ സുധീറിനെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ എക്സ്റേ എടുക്കാൻ കൊണ്ടുപോവുകയാണെന്നാണ് അയാൾ ആദ്യം മറുപടി നൽകിയത്. പിന്നീട് ഡിസ്ചാർജായെന്നും പറഞ്ഞു. തടഞ്ഞുനിർത്താനുള്ള സെക്യൂരിറ്റി ഗാർഡുമാരുടെ ശ്രമങ്ങൾക്കിടയിലാണ് സുധീർ ഓട്ടോയിൽ രക്ഷപ്പെട്ടത്.

ആശുപത്രി അധികൃതർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ ഉണർന്നുപ്രവർത്തിച്ച പൊലീസ് രണ്ടുമണിക്കൂറിനകം സുധീറിനെ കണ്ടെത്തി. കു​ഞ്ഞിന്റെ മൃതദേഹവും അയാളുടെ കൈയിലുണ്ടായിരുന്നു.

അമിതമായ അളവിൽ മരുന്നുനൽകിയതാവാം കുഞ്ഞിന്റെ മരണകാരണമെന്ന് സംശയിക്കുന്നതായി താനെ മുനിസിപ്പൽ കോർപറേഷൻ അധികൃതർ സൂചിപ്പിച്ചു. രക്ഷിതാക്കളാണോ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയാണോ ഇതിന് കാരണക്കാരെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പിന്നീട് കൽവ ആ​ശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കൽവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments