ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് ഓണാഘോഷം ആശാ നിവാസിലെ കുട്ടികളോടൊപ്പം സംഘടിപ്പിച്ചു. ഡൽഹി പ്രോവിൻസിന്റെ ചെയർമാൻ മാനുവൽ മെഴുകനാലിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങളിൽ സെൻട്രൽ റിസർവ് പോലീസ് സേനയിലെ അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് സുരേന്ദർ കുമാർ മെഹ്‌റ മുഖ്യ അതിഥി ആയിരുന്നു.
ആഘോഷത്തിൽ ആശാ നിവാസിലെ കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. തിരുവാതിര, നാടൻപാട്ട്, കസേരകളി, സംഗീത നൃത്തം, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്കു വേണ്ടി സുരേന്ദർ കുമാർ മെഹ്‌റ ഗസൽ ആലപിച്ചു.
ഡബ്ല്യുഎംസി ഡൽഹി പ്രോവിൻസിന്റെ പ്രസിഡന്റ് ജോർജ് കുരുവിള സ്വാഗതം ആശംസിച്ചു. ഇന്ത്യ റീജിയൻ പ്രസിഡന്റ് ഡോ. ഡൊമിനിക് ജോസഫ്, ഇന്ത്യ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ഗീത രമേഷ്, ഉപദേശക സമിതി അംഗങ്ങൾ എൻ. അശോകൻ, രാജൻ സ്കറിയ, ജോർജ് കള്ളിവയലിൽ, ജനറൽ സെക്രട്ടറി സജി തോമസ്, ട്രഷറർ തോമസ്കുട്ടി കരിമ്പിൽ, ഡൽഹി പ്രോവിൻസ് വിമൻസ് ഫോറം പ്രസിഡന്റ് ഡോ. ഡെലോണി മാനുവൽ, സെക്രട്ടറി രാധിക നായർ ആശാനിവാസിന്റെ ഡയറക്ടർ സിസ്റ്റർ സുജ ജോർജ് എന്നിവർ സംസാരിച്ചു. ഡബ്ല്യുഎംസി ഡൽഹി പ്രോവിൻസ് ആശാ നിവാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും ദൈനം ദിന ഉപയോഗത്തിനുള്ള സാധനങ്ങളടങ്ങിയ കിറ്റുകളും സമ്മാനിച്ചു. ഓണ സദ്യയോടുകൂടിയാണ് ആഘോഷങ്ങൾ അവസാനിച്ചത്.