ഡൽഹി: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരർക്കായുളള തെരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. ഗഡോളിലെ ഉൾവനത്തിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. ജമ്മു കശ്മീർ ഒരു പതിറ്റാണ്ടിനിടയിൽക്കണ്ട ഏറ്റവും നീണ്ട സൈനിക നീക്കമാണ് അനന്ത്നാഗിലേത്. അനന്ത്നാഗിൽ ഗഡോളിലെ ഉൾവനത്തിൽ ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുന്നത്. ലഷ്കർ ഭീകരൻ ഉസൈർ ഖാനടക്കം മൂന്ന് ഭീകരർ മലയിടുക്കുകളിൽ ഉണ്ടെന്നാണ് വിവരം.
സൈന്യം നൂറുകണക്കിന് മോട്ടോർ ഷെല്ലുകൾ അടക്കം പ്രയോഗിച്ചു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നതിന് സമീപത്തുള്ള വനമേഖലയില്‍ നേരിയ തോതില്‍ തീപടര്‍ന്നു. ഇസ്രയേല്‍ നിര്‍മിത ആളില്ലാ വിമാനങ്ങള്‍ അടക്കം ഉപയോഗിച്ചാണ് പരിശോധന. ദുർഘടമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയും ഓപ്പറേഷന് വെല്ലുവിളിയാകുന്നുണ്ട്.
ഭീകരരുടെ ഭാഗത്തുനിന്ന് നിലവിൽ ചെറുത്തുനിൽപ്പ് ഇല്ല എന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ദൗത്യത്തിനിടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഒരു പൊലീസ് ഡിഎസ്പിയും വിരമൃത്യു വരിച്ചു. അതിനിടെ പഞ്ചാബിലെ തരൺ താരണിൽ പാക് ഡ്രോൺ കണ്ടെത്തിയതായി ബിഎസ്എഫ് അറിയിച്ചു. അതിർത്തിയോട് ചേർന്ന് വയലിലാണ് ഡ്രോൺ കണ്ടെത്തിയത്.
സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്തപരിശോധനയ്ക്ക് ഇടയിലാണ് നാല് ദിവസം മുമ്പ് ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഒരു വശത്ത് ആഴത്തിലുള്ള കൊക്കകളുള്ള ഇടുങ്ങിയ വഴിയിലൂടെ മാത്രം പ്രവേശിക്കാന്‍ കഴിയുന്ന കുന്നിന് മുകളിലെ ഗുഹയിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഗുഹയ്ക്ക് സമീപം എത്തിയതോടെയാണ് ഭീകരര്‍ ആക്രമണം ആരംഭിച്ചത്.