കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അനില്‍ അക്കര. പ്രാദേശിക സമ്പദ്ഘടനയെ തകര്‍ക്കുന്ന കൊള്ളയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്ത് സഹകരണ ബാങ്കില്‍ സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അനില്‍ അക്കര പറഞ്ഞു.
ഇഡിയുടെ അന്വേഷണം മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളെ സിപിഐഎമ്മിന്റെ പാര്‍ട്ടി ബാങ്കുകള്‍ എന്നു മാത്രമേ വിളിക്കാനാവൂ എന്ന് അനില്‍ അക്കര പറഞ്ഞു. ഡിവൈഎസ്പി മുന്‍മന്ത്രി എസി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അനില്‍ അക്കര ആരോപിച്ചു. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് സിപിഐ മുന്‍ ബോര്‍ഡ് അംഗം സുഗതന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് വിളിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥ എന്താണെന്ന് അറിയമാമോ എന്ന് ചോദിച്ചായിരുന്നു ഭീഷണിയെന്നും സുഗതന്‍ ആരോപിക്കുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെതിരെയാണ് ആരോപണം.
കേസില്‍ സിപിഐഎം ബലിയാടാക്കിയെന്ന ആരോപണങ്ങളുമായി കൂടുതല്‍ സിപിഐ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. വലിയ ലോണുകളെടുത്തപ്പോള്‍ സിപിഐയെ അറിയിച്ചില്ല. മുതിര്‍ന്ന സിപിഐഎം നേതാക്കളെ രക്ഷിക്കാന്‍ തങ്ങളെ ബലിയാടാക്കിയെന്നും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ള സിപിഐ അംഗങ്ങള്‍ പറഞ്ഞു. ക്രമക്കേടുകള്‍ നടന്നത് സിപിഐഎമ്മിനുവേണ്ടിയാണെന്നും അംഗങ്ങള്‍ ആരോപിച്ചു. ഇ ഡി അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ലളിതന്‍ പ്രതികരിച്ചിരുന്നു