തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികരണവുമായി എ സി മൊയ്തീന്‍. സംഭവത്തില്‍ പാര്‍ട്ടി ശരിയായ നടപടിയാണെടുത്തതെന്ന് പറഞ്ഞ മൊയ്തീന്‍, ഇഡിയേക്കാള്‍ മെച്ചപ്പെട്ട പരിശോധനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതെന്നും അവകാശപ്പെട്ടു. ഇഡി പരിശോധനയ്ക്ക് ശേഷം ആദ്യമായാണ് എ സി മൊയ്തീന്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം കുന്നംകുളത്തെ ഒരു പൊതുവേദിയില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.
രാഷ്ട്രീയ പ്രേരിതമായാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. കേരളത്തില്‍ മാത്രം ഇഡി നിലപാട് ശരിയാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് ഇഡിയെ സ്വാഗതം ചെയ്യുകയാണെന്നും എ സി മൊയ്തീന്‍ ആരോപിച്ചു.
‘കേസില്‍ പാര്‍ട്ടി ശരിയായ നടപടി എടുത്തു. സഹകരണ വകുപ്പും നടപടിയെടുത്തു. ഇഡി അന്വേഷിക്കട്ടെ. നോട്ടീസ് ഇല്ലാതെ എന്റെ വീട്ടില്‍ പരിശോധന നടത്തി. എന്റെ വീട്ടില്‍ നിന്ന് ഒരു വസ്തുവും കണ്ടെത്താനായില്ല. ഭാര്യ സര്‍ക്കാര്‍ ജീവനക്കാരി ആയിരുന്നു. ഭാര്യയുടെ കാശാണ് ബാങ്കില്‍ ഇട്ടത്. എന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുതിയ കഥകള്‍ വരുന്നു. കുറേ ആളുകളുടെ വെളിപ്പെടുത്തല്‍ വരുന്നു. ഇനിയും വരും. ഞാന്‍ ഇതിനൊക്കെ കൂട്ടുനിന്നു എന്നാണ് പറയുന്നത്. സതീഷ് എന്ന ആളുമായി ബന്ധമുണ്ട് എന്നാണ് പറയുന്നത്. മാധ്യമങ്ങള്‍ കഥ മെനയുകയാണ്. ഞാന്‍ ആത്മവിശ്വാസത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു.