കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ വേതനം സംരക്ഷിക്കുന്നതിനായി ബാങ്ക് ഇടപാടുകളിൽ കർശന സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്താൻ കുവൈത്ത്. ശമ്പളം നൽകിയ ശേഷം തൊഴിലുടമകൾ അത് തിരികെ വാങ്ങുന്ന നിയമവിരുദ്ധ പ്രവണതയും വ്യാജ വേതന വിതരണവും തടയുകയാണ് പുതിയ നടപടികളുടെ പ്രധാന ലക്ഷ്യം. പ്രതിമാസം 300 കുവൈത്ത് ദിനാറോ അതിൽ താഴെയോ ശമ്പളം കൈപ്പറ്റുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾക്കാണ് ഈ നിയന്ത്രണങ്ങൾ ബാധകമാവുക. റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ 31 മുതൽ പുതിയ നിബന്ധനകൾ രാജ്യത്ത് പ്രാബല്യത്തിൽ വരും. തൊഴിലാളികൾക്ക് അർഹമായ വേതനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അത് അവർക്ക് സ്വന്തം ആവശ്യങ്ങൾക്കായി സ്വതന്ത്രമായി വിനിയോഗിക്കാൻ അവസരമൊരുക്കാനുമാണ് ഈ സുപ്രധാന നീക്കം.
പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് 25 കുവൈത്ത് ദിനാറോ അതിൽ കൂടുതലോ ഉള്ള ഏത് ഇടപാടിനും റ്റു-സ്റ്റെപ്പ് വെരിഫിക്കേഷൻ നിർബന്ധമാക്കും. ഇടപാട് പൂർത്തിയാക്കുന്നതിന് മുൻപായി അതിന്റെ വിശദവിവരങ്ങൾ അക്കൗണ്ട് ഉടമയായ ജീവനക്കാരനെ കാണിച്ച് മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കഴിഞ്ഞ ആറു മാസത്തെ അക്കൗണ്ട് വിവരങ്ങൾ ബാങ്കുകൾ വിശദമായി പരിശോധിക്കണം. ശമ്പളം അക്കൗണ്ടിലെത്തി 72 മണിക്കൂറിനുള്ളിൽ അതിന്റെ 80 ശതമാനമോ അതിലധികമോ പിൻവലിക്കുകയോ കൈമാറുകയോ ചെയ്യുന്ന സാഹചര്യം കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണയെങ്കിലും ആവർത്തിച്ചാൽ അത് കർശനമായി നിരീക്ഷിക്കും. സമാനമായി, വേതനത്തിന്റെ 50 ശതമാനമോ അതിൽ കൂടുതലോ 72 മണിക്കൂറിനകം തൊഴിലുടമയ്ക്കോ അവരുമായി ബന്ധപ്പെട്ടവർക്കോ കൈമാറുന്നതും അധികൃതർ പ്രത്യേകമായി അന്വേഷണ പരിധിയിൽ കൊണ്ടുവരും.
Leave a Comment
Your comment will be visible after admin approval.