തിരുവനന്തപുരം: സമരം ചെയ്യാന്‍ പൊലീസിന് പണം നല്‍കണമെന്ന ഉത്തരവ് പിടിച്ചുപറിയെന്ന് വി.ഡി സതീശൻ. കലക്ടറേറ്റ് മാര്‍ച്ച് നടത്തണമെങ്കില്‍ പൊലീസ് അനുമതിക്ക് 10000 രൂപയും സ്റ്റേഷന്‍ പരിധിയില്‍ 2000 രൂപയും സബ്ഡിവിഷന്‍ പരിധിയില്‍ 4000 രൂപയും നല്‍കണമെന്നാണ് പറയുന്നതെന്നും ഇതിലൂടെ ജനകീയ സമരങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
“സമരം ചെയ്യുന്നവരില്‍ നിന്നും കാശ് പിരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഗംഭീരമാണ്. സമരങ്ങളിലൂടെ വളര്‍ന്ന് വന്ന് വിപ്ലവപാര്‍ട്ടിയാണെന്ന് പറയുന്നവര്‍ മുദ്രാവാക്യം വിളിച്ചതിന് പൊലീസിനെക്കൊണ്ട് 94 വയസുകാരനായ ഗ്രോ വാസുവിന്റെ വായ പൊത്തിപ്പിടിപ്പിച്ചു. മുഖം തൊപ്പി കൊണ്ട് മറച്ച് പിടിച്ചു. വലതുപക്ഷ സര്‍ക്കാര്‍ പോലും ചെയ്യാത്ത കാര്യമാണിത്. എല്ലാക്കാലവും അധികാരത്തില്‍ ഇരിക്കാമെന്ന അഹങ്കാരവും പ്രതിപക്ഷ പ്രക്ഷോഭത്തിലുള്ള ഭയവുമാണ് പോലീസ് പെര്‍മിഷന് ഫീസ് ഏര്‍പ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെങ്കില്‍ ഇത് പിന്‍വലിക്കണം”- വി.ഡി സതീശൻ പറഞ്ഞു.
പണം അടച്ച് സമരം ചെയ്യണമെന്ന് പറയാന്‍ സർക്കാറിന് നാണമില്ലേയെന്ന് വി.ഡി സതീശൻ ചോദിച്ചു. യു.ഡി.എഫിനെ സാമ്പത്തികമായി ഞെരുക്കാനാണ് കോവിഡ് കാലത്ത് വ്യാപകമായി കേസുകളെടുത്തതെന്നും കാശില്ലെങ്കില്‍ ബാങ്ക് കൊള്ളയടിക്കാനോ പിടിച്ചുപറിക്കാനോ പോകണം. യു.ഡി.എഫിന്റെ ഒരു സമരത്തിനും പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.