തിരുവനന്തപുരം: സോളർ വിഷയം ചർച്ച ചെയ്യാനെത്തിയ ദല്ലാൾ നന്ദകുമാറിനെ മുറിയിൽനിന്ന് ഇറക്കിവിട്ടെന്ന മുൻ പ്രസ്താവനയിൽ ഉറച്ച് മുഖ്യമന്ത്രി. തന്റെ മുറിയിലേക്ക് വന്ന നന്ദകുമാറിനെ ഇറക്കിവിട്ടെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇക്കാര്യം നന്ദകുമാർ നിഷേധിച്ചിരുന്നു. പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് എകെജി സെന്ററിനു സമീപത്തെ ഫ്ലാറ്റിൽവച്ച് പിണറായിയുമായി ചർച്ച നടത്തിയെന്നായിരുന്നു നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.
നന്ദകുമാറിനെ പിന്നീട് കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘മുറിയിൽനിന്ന് ഇറക്കിവിട്ടയാൾക്ക് പിന്നീട് കാണാൻ ധൈര്യം ഉണ്ടാവില്ലല്ലോ. കാണേണ്ട ആവശ്യം എനിക്കെന്താ. അതിന്റെ ആവശ്യം വരുന്നില്ലല്ലോ’–മുഖ്യമന്ത്രി പറഞ്ഞു.
ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് കത്ത് അയക്കും. ആപ്പുകളെ നിയന്ത്രിക്കാൻ കേരള പൊലീസ് പ്രത്യേക സംവിധാനം ഒരുക്കും. പൊതുവായ ബോധവൽക്കരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.